കോട്ടയം : വാഹനാപകടത്തിൽ മരിച്ച കോട്ടയം പെരുമ്പായിക്കാട്ട് കുഴിച്ചാലിൽ വീട്ടിൽ ബിജുവിന്റെ അവകാശികൾക്ക് ഇരുപത്തിമൂന്നുലക്ഷം രൂപ നൽകണമെന്ന് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി വി.ജി ശ്രീദേവിയുടെ വിധി.
2018 ജനുവരി എട്ടിന് രാവിലെ ഒൻപതുമണിയോടെ എം.സി റോഡിൽ സംക്രാന്തി ഭാഗത്തുവെച്ച് യാത്രക്കാരുമായി പോവുകയായിരുന്ന ബിജുവിന്റെ ഓട്ടോറിക്ഷയിൽ പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബിജുവിന്റെ ദേഹത്തേക്ക് ഓട്ടോ വീണു. അതീവ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബിജു മരിച്ചു.
ഇടിച്ചകാർ നിർത്താതെ പേയി. ഗാന്ധിനഗർ പോലീസ് സി.സി.ടി.വി ദൃശ്യങ്ങളുടേയും ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കാറാണ് ഓട്ടോറിക്ഷയിൽ ഇടിച്ചതെന്ന് കണ്ടെത്തി. സംഭവസമയം കാറോടിച്ചിരുന്ന എറണാകുളം പടുവപുരം മൈലക്കാട്ടുപറമ്പിൽ ജോർജിനെ അറസ്റ്റ് ചെയ്തു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഇൻഷുറൻസ് കമ്പനിയോട് ഒരുമാസത്തിനുള്ളിൽ തുക ഹർജിക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉത്തരവിട്ടു. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് വി.ബി ബിനു കോടതിയിൽ ഹാജരായി.