ഡൽഹി: 2000 രൂപ നോട്ടുകൾ നിർത്തലാക്കിയതിന് പിന്നാലെ രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഹിമാചൽപ്രദേശിലെ കാംഗ്ര മാ ജ്വാല ദേവി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം കാണിക്ക വഞ്ചി തുറന്നപ്പോൾ എട്ട് ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകളാണ് ലഭിച്ചത്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ നിന്നാണ് വ്യത്യസ്തമായ മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്. സ്കൂട്ടറിൽ ഇന്ധനം നിറച്ച ശേഷം ഉടമ നൽകിയ 2000 രൂപ നോട്ടു വാങ്ങാൻ കൂട്ടാക്കാതെ പമ്പ് ജീവനക്കാരൻ പെട്രോൾ ഊറ്റിയെടുത്തതാണ് സംഭവം.
ഹോണ്ട ഏവിയേറ്റർ സ്കൂട്ടറാണ് ദൃശ്യങ്ങളിലുള്ളത്. സ്കൂട്ടറിനുള്ളിൽ നിന്ന് കുഴൽ ഉപയോഗിച്ച് പെട്രോൾ പുറത്തേക്കെടുക്കുന്നതും കാണാം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന വിവരം ആർ.ബി.ഐ അറിയിച്ചത്. നിലവിലുള്ള നോട്ടുകൾക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആർ.ബി.ഐ ഇനി മുതൽ 2,000 രൂപ നോട്ടുകൾ വിതരണം നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. സെപ്തംബർ 30നകം 2000 രൂപ നോട്ടുകൾ പൊതുജനങ്ങൾ മാറ്റിയെടുക്കണമെന്നും നിർദേശമുണ്ട്.