അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പായ അബ്‌സോ മോട്ടോഴ്‌സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി. അബ്സോ വിഎസ്01 (ABZO VS01) എന്ന ഇലക്ട്രിക് ബൈക്കാണ് കമ്പനി ലോഞ്ച് ചെയ്തത്. ഏകദേശം 1.80 ലക്ഷം മുതൽ 2.22 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയിലാണ് ഈ ബൈക്ക് വരുന്നത്. വ്യത്യസ്തവും ആകർഷകവുമായ ഡിസൈനും മികച്ച റേഞ്ചും സവിശേഷതകളുമായിട്ടാണ് അബ്സോ വിഎസ്01 ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. അബ്സോ വിഎസ്01 ഇലക്ട്രിക് മോട്ടോർസൈക്കിളിന് 72 വോൾട്ട് 70Ah ലിഥിയം – അയൺ ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ബാറ്ററി ഒരു തവണ പൂർണമായും ചാർജ് ചെയ്താൽ ബൈക്ക് 180 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മുന്നിലും പിന്നിലും എൽഇഡി ലൈറ്റുകളുമായിട്ടാണ് ബൈക്ക് വരുന്നത്. മികച്ചൊരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അബ്സോ വിഎസ്01 ഇലക്ട്രിക് ബൈക്കിൽ കമ്പനി നൽകിയിട്ടുണ്ട്. ട്യൂബ്ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് അബ്സോ വിഎസ്01 ഇലക്ട്രിക് മോട്ടോർസൈക്കിളിലുള്ളത്. റെട്രോ ഡിസൈനിലാണ് ഇ – ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോർ ബെൽറ്റ് 8.56 എച്ച്പി പവറും 190 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനമാണ് ബൈക്കിൽ സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. ബൈക്കിന്റെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും അബ്സോ നൽകിയിട്ടുണ്ട്. മികച്ച ബ്രേക്കിങ് സംവിധാനം തന്നെയാണ് അബ്സോ വിഎസ്01യിൽ ഉള്ളത്.
മൂന്ന് റൈഡിങ് മോഡുകളുമായിട്ടാണ് അബ്സോ വിഎസ്01 ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇക്കോ, നോർമൽ, സ്പോർട്സ് എന്നിവയാണ് ഈ റൈഡിങ് മോഡുകൾ. ഈ മോഡുകൾ ഓരോന്നും ഓരോ വേഗത നൽകുന്നു. ഇക്കോ മോഡിൽ പരമാവധി വേഗത മണിക്കൂറിൽ 45 കിലോമീറ്ററാണ്. നോർമൽ മോഡിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത നൽകുന്നു. സ്പോർട്സ് മോഡിൽ റൈഡ് ചെയ്താൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേഗതയാണ് അബ്സോ വിഎസ്01 ഇ-ബൈക്ക് നൽകുന്നത്. അബ്സോ വിഎസ്01 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബർ യൂണിറ്റുമാണ് സസ്പെൻഷനായി നൽകിയിട്ടുള്ളത്.
റിവേഴ്സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിങ്, ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ബൈക്കിലുള്ള മറ്റ് സവിശേഷതകൾ. കമ്പനി പറയുന്നതനുസരിച്ച് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 3 മണിക്കൂർ 20 മിനിറ്റിനുള്ളിൽ അബ്സോ വിഎസ്01 ഇ-ബൈക്കിന്റെ ബാറ്ററി പാക്ക് പൂർണ്ണമായും ചാർജ് ചെയ്യാൻ സാധിക്കും എന്നാണ്. 2019ലാണ് അബ്സോ സ്ഥാപിച്ചത്. കമ്പനിയുടെ പ്രവർത്തനത്തിന്റെ ആദ്യ വർഷം തന്നെ 9,000 യൂണിറ്റ് വാർഷിക ഉത്പാദനം എന്ന നേട്ടം ഉണ്ടാക്കാൻ സാധിച്ചു. മൂന്നാം വർഷത്തോടെ 24,000 യൂണിറ്റായി ഉത്പാദനം ഉയർത്താനും കമ്പനി പദ്ധതിയിടുന്നു. അഹമ്മദാബാദിൽ ഒരു ഷോറൂം ആരംഭിച്ചിട്ടുണ്ടെന്നും ഭാവിയിൽ തങ്ങളുടെ ഡീലർമാരുടെ ശൃംഖല വിപുലീകരിക്കാനാണ് പദ്ധതിയെന്നും അബ്സോ വ്യക്തമാക്കിയിട്ടുണ്ട്. അബ്സോ വിഎസ്01 ഇ ബൈക്ക് വാങ്ങുന്നവർക്ക് 12,000 രൂപ മുതൽ 15,000 രൂപ വരെ പ്രമോഷണൽ ഡിസ്‌കൗണ്ടും കമ്പനി നൽകുന്നുണ്ട്.