ഏറെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിലെത്തിയ പുതിയ തലമുറ കരിസ്മ മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. ഹീറോ കരിസ്മ XMR (Hero Karizma XMR) എന്ന മോഡലിന്റെ വിൽപ്പനയാണ് തുടങ്ങിയത്. ഇതിനകം തന്നെ വലിയ തോതിൽ ബുക്കിങ് ലഭിച്ച മോഡലാണ് ഇത്. 200 സിസിയിൽ കൂടുതലുള്ള ബൈക്കുകളുടെ വിഭാഗത്തിലാണ് ഹീറോ കരിസ്മ XMR മത്സരിക്കുന്നത്. ആകർഷകമായ ഡിസൈനും സവിശേഷതകളും കരിസ്മ സീരിസിലെ ഈ പുതിയ മോട്ടോർസൈക്കിളിലുണ്ട്.
ഹീറോ കരിസ്മ XMR മോട്ടോർസൈക്കിൾ ഷാർപ്പും ആംഗുലറുമായ സ്റ്റൈലിങ്ങിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ഫുൾ ഫെയറിങ്ങുമായി വരുന്ന ബൈക്കിൽ മസ്കുലർ ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, സ്ലിം എൽഇഡി ടെയിൽലാമ്പുകൾ എന്നിവയെല്ലാമുണ്ട്. പഴയ കരിസ്മ ബൈക്കുകളുടെ ഡിസൈനുകളുമായി സാമ്യത പുലർത്തുകയും ഒപ്പം തന്നെ ഏറ്റവും നവീനമായ ഡിസൈൻ രീതി സ്വീകരിക്കുകയും ചെയ്ത മോഡലാണ് ഹീറോ കരിസ്മ XMR. പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിൾ മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഐക്കോണിക് യെല്ലോ, ടർബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നിവയാണ് ബൈക്കിന്റെ കളർ ഓപ്ഷനുകൾ. ഹീറോ കരിസ്മ XMR ബൈക്കിന്റെ ഡിസൈനും ഷേഡും കോമ്പിനേഷൻ സ്പോർട്ടിയും ആധുനികവുമായ ലുക്ക് നൽകാൻ സഹായിക്കുന്നു. പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 1,79,900 രൂപ മുതലാണ്. ഈ മോഡലിന് രാജ്യത്ത് ഇതുവരെ 13,000 ബുക്കിങ്ങുകളാണ് ലഭിച്ചിട്ടുള്ളത്.
ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത് പുതിയ 210 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എഞ്ചിനാണ്. ഈ എഞ്ചിൻ 9,250 ആർപിഎമ്മിൽ 25.15 ബിഎച്ച്പി പവറും 7,250 ആർപിഎമ്മിൽ 20.4 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. പഴയ കരിസ്മയിൽ നിന്ന് വ്യത്യസ്തമായി പുതിയ മോഡലിൽ സ്ലിപ്പ് & അസിസ്റ്റ് ക്ലച്ച് ഉള്ള പുതിയ 6 സ്പീഡ് ഗിയർബോക്സാണ് നൽകിയിട്ടുള്ളത്. ഈ എഞ്ചിൻ, ഗിയർബോക്സ് സെറ്റപ്പ് മികച്ച പെർഫോമൻസും റൈഡിങ് കംഫർട്ടും നൽകുന്നു. പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിൽ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. മോഡലിന്റെ മുൻവശത്ത് 37 എംഎം ടെലിസ്‌കോപിക് സസ്പെൻഷനും പിന്നിൽ 6 സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിൾ മോണോ സസ്പെൻഷനും നൽകിയിട്ടുണ്ട്. ബൈക്കിൽ ബ്രേക്കിങ്ങിനായി മുൻവശത്ത് 300mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 230mm ഡിസ്‌ക് ബ്രേക്കുമാണ് നൽകിയിട്ടുള്ളത്. ഡ്യുവൽ-ചാനൽ എബിഎസ് യൂണിറ്റുമായിട്ടാണ് ഈ ബ്രേക്കിംഗ് സിസ്റ്റം വരുന്നത്.