അടുത്ത 18 മാസത്തിനുള്ളിൽ മൂന്ന് പുതിയ എസ്‌യുവികൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട. ഫ്രോങ്ക്സ് അധിഷ്ഠിത ടെയ്‌സർ ഈ വർഷം ഏത് സമയത്ത് വേണമെങ്കിലും ലോഞ്ച് ചെയ്യും. ഹൈറൈഡറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മൂന്ന്-വരി എസ്‌യുവി 2025ൽ അവതരിപ്പിക്കും. കൂടാതെ കൊറോള ക്രോസിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു എസ്‌യുവിയും അണിയറയിൽ ഒരുങ്ങുകയാണ്. മാരുതിയുടെ പുതിയ കാർഖോഡ പ്ലാന്റിൽ നിർമ്മിക്കുന്ന മൂന്ന് നിരകളുള്ള ഗ്രാൻഡ് വിറ്റാരയുടെ പ്രവർത്തനം മാരുതി ആരംഭിച്ചു. 2025 മുതൽ കാറുകൾ പുറത്തിറക്കാൻ തുടങ്ങും. മൂന്ന് നിരകളുള്ള ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ളതാണ് ടൊയോട്ടയുടെ മൂന്ന് നിരകളുള്ള ഹൈറൈഡർ. ഇത് മാരുതി നിർമ്മിച്ച് ടൊയോട്ടയ്ക്ക് വിതരണം ചെയ്യും.
വീൽബേസ് അതേപടി തുടരും. മൂന്നാം നിരയെ ഉൾക്കൊള്ളുന്നതിനായി മൂന്ന്-വരി ഹൈറൈഡറിന് അൽപ്പം നീളമുള്ള പിൻ ഓവർഹാംഗ് ലഭിക്കുമെന്നാണ് സൂചന. ടൊയോട്ട 2025ലെ ലോഞ്ചിനായി മറ്റൊരു എസ്‌യുവി കൂടി തയ്യാറാക്കുന്നുണ്ട്. ഈ പുതിയ എസ്‌യുവി വിദേശത്ത് വിൽക്കുന്ന കൊറോള ക്രോസ് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഇന്നോവ ഹൈക്രോസുമായി പങ്കിട്ട ജനപ്രിയ ടിഎൻജിഎ-സി പ്ലാറ്റ്‌ഫോമിലാവും പണിയുക. അതിനാൽ തന്നെ മൂന്ന്-വരി ഹൈറൈഡറിന് മുകളിലായിരിക്കും ടൊയോട്ട പോർട്ട് ഫോളിയോയിൽ ഈ വാഹനത്തിന്റെ സ്ഥാനം. റീബാഡ് ചെയ്‌ത ഫ്രോങ്‌ക്‌സ്, ഹൈറൈഡർ ത്രീ-റോ, കൊറോള ക്രോസ് അധിഷ്‌ഠിത എസ്‌യുവി എന്നിവ അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. മേൽപ്പറഞ്ഞ എസ്‌യുവികൾക്ക് പുറമെ ടൊയോട്ട അതിന്റെ ആദ്യ ബോൺ-ഇവിയും ഇന്ത്യൻ വിപണിയിലേക്ക് കൊണ്ട് വരും.