തിരുവനന്തപുരം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ നഷ്ടപരിഹാരമായി കാറുകാരൻ 48,000 രൂപ ആവശ്യപ്പെട്ടതിൽ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തതായി ആരോപണം. നാട്ടുകാർക്ക് മുന്നിൽ വച്ചുള്ള അധിക്ഷേപങ്ങളിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ആയ 21 കാരൻ ആത്മഹത്യ ചെയ്തതായാണ് കുടുംബം ആരോപിക്കുന്നത്. വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസിൽ ആദർശ് എസ് എസ് ആണ് വെള്ളിയാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഉച്ചക്കട – പയറ്റുവിള റോഡിൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപം വെച്ച് ആദർശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയും ഒരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചിരുന്നു. കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആദർശിന് കാലിന് പരിക്ക് പറ്റിയിരുന്നു.
തുടർന്ന്, കാർ ഓടിച്ചിരുന്ന യുവാവ് ഓട്ടോറിക്ഷ ലൈറ്റ് ഇല്ലാതെ വന്ന് ഇടിച്ചതാണെന്നും അതിനാൽ വാഹനം കണ്ടില്ലെന്നും ആദർശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തടിച്ചുകൂടിയ നാട്ടുകാർക്ക് മുന്നിൽ ആരോപണം ഉന്നയിച്ചു. അപകടത്തിൽ കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്ന് ആദർശ് പറഞ്ഞെങ്കിലും കാർ ഓടിച്ചിരുന്ന യുവാവ് ഇതിന് തയ്യാറായില്ല. തനിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ഉള്ളത് എന്നും അതിനാൽ വാഹനം അറ്റകുറ്റപ്പണികൾ ചെയ്യാൻ 48,000 നഷ്ടപരിഹാരം വേണമെന്നും യുവാവ് ആദർശിനോട് ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു.
തുടർന്ന്, വീട്ടിലേക്ക് പോയ ആദർശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ പിതൃ സഹോദരനാണ് ആദർശ് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഉടനെ അദ്ദേഹം അപകട സ്ഥലത്ത് ഓടിയെത്തി ആദർശിൻ്റെ സഹോദരൻ അനൂപിനോടും നാട്ടുകാരോടും വിവരം പറഞ്ഞു. ഇവർ എത്തി ആദർശിനെ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് രാത്രി തന്നെ അപകടത്തിൽപ്പെട്ട കാർ സ്ഥലത്തുനിന്ന് മാറ്റിയതായി ആദർശിന്റെ കുടുംബം ആരോപിക്കുന്നു. കാറോടിച്ചിരുന്ന വ്യക്തി നാട്ടുകാർക്ക് മുമ്പിൽ വച്ച് അധിക്ഷേപിച്ചതും അമിതമായ തുക ആവശ്യപ്പെട്ടതിലുമുള്ള മാനസിക സംഘർഷവും മനോവിഷമവും ആണ് ആദർശിൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.