പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ആക്രമണം രൂക്ഷം. കഴിഞ്ഞ ദിവസം കാട്ടുപന്നി കുത്തിമറിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷയുടെ അടിയിൽപെട്ട ഡ്രൈവർ ഉള്ളന്നൂർ പാണൻ മുകടിയിൽ രഘുനാഥൻ പിള്ള (56)യുടെ വാരിയെല്ലുകൾ പൊട്ടി. യാത്രക്കാരനായ ഉള്ളന്നൂർ ശങ്കരമംഗലം സുനിൽ (54)ന്റെ കൈ യുടെ ചുമലിലെ എല്ലുകൾ തെന്നിമാറി. ഓട്ടോറിക്ഷയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. ഓട്ടം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന രഘുനാഥൻ പിള്ള രോഗിയെ ആശുപത്രിയിലെത്തിക്കാനാണ് രാത്രിയിൽ അയൽവാസിക്കൊപ്പം പോയത്. മടങ്ങിയെത്തുംവഴി കുളനട -പൈവഴി റോഡിൽ തിരുവാഭരണ പാതയ്ക്ക് സമീപം എത്തിയപ്പോൾ റോഡിൽകൂടി കാട്ടുപന്നികൾ പോകുന്നത് കണ്ട് ഓട്ടോറിക്ഷ നിറുത്തി. പന്നികൾ പോയശേഷം ഓട്ടോറിക്ഷ മുന്നോട്ട് എടുത്തപ്പോഴാണ് ഇവ തിരികെയെത്തി ഓട്ടോറിക്ഷ കുത്തിമറിച്ചത്.