കാൻബറ : ഓസ്ട്രേലിയയെ നാണംകെടുത്തി ലൈംഗിക ആരോപണം. പാർലമെന്റ് മന്ദിരത്തിലെ പ്രാർഥനാമുറി എംപിമാർ ലൈംഗിക ബന്ധത്തിനായി സ്ഥിരം ഉപയോഗിക്കാറുണ്ടെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സ്വയംഭോഗം ഉൾപ്പെടെയുള്ള ലൈംഗിക പ്രവൃത്തികൾ ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ചോർന്നു പുറത്തുവന്നിട്ടുണ്ട്. എംപിമാർക്കായി ലൈംഗിക തൊഴിലാളികളെ ഇവിടെ സ്ഥിരം എത്തിക്കാറുണ്ടെന്നും വാർത്ത പുറത്തുവിട്ട ടോം എന്ന് അറിയപ്പെടുന്നയാൾ ആരോപിച്ചിരുന്നു. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ ഭരണകൂടം പ്രതിരോധത്തിലായി.
സർക്കാരിന്റെ വനിതാ ഉപദേഷ്ടാവിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചുവെന്ന ആരോപണം ഉയർന്നതിനെ കൈകാര്യം ചെയ്ത രീതിയിൽ മോറിസണിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. അതോടൊപ്പമാണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്. അറപ്പുളവാക്കുന്ന പ്രവൃത്തിയാണിതെന്ന് വാർത്തകളോടു മോറിസൺ പ്രതികരിച്ചുവെങ്കിലും വനിതാ എംപിമാരും പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. വൻ പ്രതിഷേധത്തെത്തുടർന്ന് ഒരാളെ ഉടനടി ജോലിയിൽനിന്നു പിരിച്ചുവിട്ടു. കൂടുതൽ നടപടികളുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം പുറത്തുവരുന്ന വിവരങ്ങൾ ‘നിരാശയ്ക്കും അപ്പുറമാണെന്ന്’ സ്ത്രീകളുടെ വകുപ്പുമന്ത്രി മരീസ് പെയ്നെ പറഞ്ഞു. അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.