പാലക്കാട് : തന്നോടൊപ്പമുള്ള പാർട്ടിപ്രവർത്തകരെ വെച്ച് ശക്തി പ്രകടനം നടത്താൻ കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന മുൻ ഡി.സി.സി പ്രസിഡന്‍റ് എ.വി ഗോപിനാഥ് തയ്യാറെടുക്കുന്നു. സമ്മേളനം വിളിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ തന്‍റെ ശക്തിയെന്താണെന്ന് കോൺഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെടും. സി.പി.എം നേതാക്കൾ തന്നെ കുറിച്ച് നല്ലത് പറഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഗോപിനാഥ് പറഞ്ഞു.
മുന്‍ എം.എല്‍.എ കൂടിയായ ഗോപിനാഥ് പാലക്കാട് ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ ശത്രുക്കളോട് ഇല്ലാത്ത ശത്രുതയാണ് കോൺഗ്രസ് നേതൃത്വം തന്നോട് കാണിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മന്ത്രി എ.കെ ബാലനുമായും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായും ഗോപിനാഥ് ചർച്ച നടത്തിയിട്ടുണ്ട്.