കോന്നി : ആവണിപ്പാറ ഗിരിജന്‍ കോളനിയിലെ 38 കുടുംബങ്ങള്‍ മൂന്നുദിവസമായി ഇരുട്ടില്‍ തപ്പുന്നു. വൈദ്യുതീകരിച്ച വീടുകള്‍ ആയതിനാല്‍ ഇവര്‍ക്ക് മണ്ണെണ്ണയും ലഭിക്കുന്നില്ല. കോന്നി നിയോജകമണ്ഡലത്തിലെ അച്ചന്‍കോവില്‍ വനത്തിനുള്ളിലാണ് ആവണിപ്പാറ. വകയാര്‍ സെക്ഷന്‍ ഓഫീസില്‍ പരാതി പറഞ്ഞപ്പോള്‍ ഇത് തങ്ങളുടെ പരിധിയില്‍ അല്ലെന്നും പിറവന്തൂര്‍ സെക്ഷന്‍ ഓഫീസില്‍ പരാതി പറയാനും പറഞ്ഞതായി ആവണിപ്പാറ നിവാസിയും ഫോറസ്റ്റ് വാച്ചറുമായ ശശി പറഞ്ഞു. കടുത്ത ദുരിതത്തിലാണ് ഇവരുടെ ജീവിതം. മിക്കവരുടെയും മൊബൈല്‍ ഫോണുകള്‍ നിശ്ചലമാണ്. രാത്രിയായാല്‍ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ് ഇവിടം. ഭീതിയോടെയാണ് തങ്ങള്‍ ഇവിടെ കഴിയുന്നതെന്ന് ശശി പത്തനംതിട്ട മീഡിയായോട് പറഞ്ഞു.
ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ വൈദ്യുതി എത്തിയിട്ട് ഏറെനാള്‍ ആയില്ല. പട്ടികവര്‍ഗ വകുപ്പില്‍ നിന്നും 1.57 കോടി രൂപയാണ് വനത്താല്‍ ചുറ്റപ്പെട്ട കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിന് അനുവദിച്ചത്. 6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് കോളനിയില്‍ വൈദ്യുതി എത്തിച്ചത്. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ മൂഴി വരെ 1.8 കിലോമീറ്റര്‍ ദൂരം ഓവര്‍ ഹെഡ് എബിസി കേബിളും, മൂഴി മുതല്‍ കോളനിക്ക് മറുകരയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം അണ്ടര്‍ ഗ്രൗണ്ട് കേബിളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും കോളനിക്കുള്ളിലുമായി ഒരു കിലോമീറ്റര്‍ ദൂരം എല്‍റ്റി എബിസി കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.