കൊച്ചി: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ വൈകാരിക നിമിഷങ്ങളോടെയാണ് ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.
അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും മൃതദേഹം ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കെഎസ്ആര്‍ടിസി സൗത്ത് ബസ് സ്‌റ്റേഷനില്‍ അല്‍പസമയം പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് റീത്ത് സമര്‍പ്പിച്ചു.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ കണ്ടക്ടര്‍ വി ആര്‍ ബൈജുവിന്റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഡ്രൈവര്‍ വി ഡി ഗിരീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ 12 മണിയോടെ പെരുമ്പാവൂര്‍ ഒക്കലിലിലെ എസ്എന്‍ഡിപി ശ്മശാനത്തിലാണ് നടക്കുക. ബെംഗളൂരു ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്‌കാര ചടങ്ങുകളും ഇന്ന് രാവിലെ നടക്കും.
തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് ആറ് പേരാണ് വാഹനാപകടത്തില്‍ പൊലിഞ്ഞത്. ഒല്ലൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍,ഭാര്യ ബിന്‍സിയടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദേശത്തേക്ക് കൊണ്ട് പോകാനായി എത്തിയപ്പോള്‍ നസീഫ് മുഹമ്മദ് അലി സഹോദരന്റെ ഗൃഹപ്രവേശനത്തിന് വരികയായിരുന്നു. പാസ്‌പോര്‍ട്ട് ആവശ്യത്തിന് വിദേശത്ത് നിന്നെത്തിയ യേശുദാസും, വിദേശത്തേക്ക് പോകാനിരിക്കുന്ന ഭര്‍ത്താവിനെ യാത്രയാക്കാന്‍ വന്ന അനുവും, അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ജോഫിയും ഹനീഷും വിധിക്ക് മുന്നില്‍ കീഴടങ്ങി.
നാല് മാസം മുമ്പ് മാത്രമാണ് ഹനീഷിന്റെ വിവാഹം നടന്നത്. ചേതനയറ്റ ശരീരങ്ങള്‍ വീട്ടില്‍ എത്തുന്നത് വരെ മരണവാര്‍ത്ത വിശ്വസിക്കാന്‍ പോലും കഴിയാതെയാണ് നാട് കാത്തിരുന്നത്. ആശ്വാസ വാക്കുകളുമായി ജില്ലാ ഭരണകൂടം എല്ലാ വീടുകളിലും എത്തി. നസീഫിന്റെ മൃതദേഹം പുലര്‍ച്ചയോടെ സംസ്‌കരിച്ചു. ഒല്ലൂര്‍ സ്വദേശി ഇഗ്‌നി യുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഇഗ്‌നിയുടെ ഭാര്യ ബിന്‍സി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.