കൊച്ചി : കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് നാളെ വി ഡി സതീശന്‍ അവതരിപ്പിക്കുന്നത്. ഇതില്‍ ഒരു പ്രമേയം മാത്രമാണ് വിജയിച്ചിട്ടുള്ളത്. 2005 ല്‍ കോടിയേരി ബാലകൃഷ്ണനാണ് അവസാനമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
1961ല്‍ സി.ജി. ജനാര്‍ദ്ദനനാണ് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യത്തെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. 62 ലും 63 ലും ആര്‍ ശങ്കറിനെതിരെ വന്ന പ്രമേയങ്ങള്‍ വന്നെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 64 ല്‍ പി കെ കുഞ്ഞ് അവതരിപ്പിച്ച പ്രമേയത്തില്‍ 73 വോട്ട് അനുകൂലമായും 50 വോട്ടുകള്‍ എതിര്‍ത്തും ലഭിച്ചു. ഇതോടെ പ്രമേയം പാസായി ആര്‍ ശങ്കര്‍ മന്ത്രിസഭ വീണു.. 1971 ഏപ്രിലില്‍ സിബിസി വാര്യരും നവംബറില്‍ ജോണ്‍ മാഞ്ഞൂരാനും അച്ചുതമേനോനെതിരെ കൊണ്ടു വന്ന പ്രമേയങ്ങള്‍ പരാജയപ്പെട്ടു.
1972ല്‍ ഇ.ബാലാനന്ദന്റെ പ്രമേയവും പരാജയപ്പെട്ടു. ഏറ്റവും അധികം അവിശ്വാസ പ്രമേയങ്ങളെ നേരിട്ടതും അതിജീവിച്ചതും കെ. കരുണാകരനാണ്. 1982ല്‍ എ.സി.ഷണ്‍മുഖദാസാണ് കരുണാകരന്‍ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. 70 പേര്‍ എതിര്‍ത്തും അത്രയും പേര്‍തന്നെ അനുകൂലിച്ചും വോട്ട് ചെയ്തു. ഒടുവില്‍ സ്പീക്കര്‍ എ.സി. ജോസിന്റെ ചരിത്ര പ്രസിദ്ധമായ കാസ്റ്റിംഗ് വോട്ടോടെ കരുണാകരന്‍ ഭരണം നിലനിര്‍ത്തി.
1983ല്‍ ബേബിജോണും 1985ല്‍ എം.വി.രാഘവനും 1986 ല്‍ ഇ.കെ.നായനാരും 1995 ല്‍ വി എസും കരുണാകരന്‍ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളും പരാജയപ്പെട്ടു. 1987ല്‍ വി.എം.സുധീരനും 1989 ല്‍ കെ.ശങ്കരനാരായണനുമാണ് ഇ.കെ.നായനാര്‍ മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. രണ്ടും പരാജയപ്പെട്ടു. 2005 ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് കോടിയേരി ബാലകൃഷ്ണനാണ്. 19 മന്ത്രിമാരില്‍ 15 പേര്‍ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തി കൊണ്ട് വന്ന പ്രമേയം പരാജയപ്പെട്ടു. പിണറായി സര്‍ക്കാരിനെതിരേ വി.ഡി. സതീശന്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്ത് കേസിലാണ്.