പത്തനംതിട്ട : നമ്മുടെ മനസില്‍ ഒരാഗ്രഹമുണ്ടെങ്കില്‍ അത് തീവ്രമാണെങ്കില്‍ അത് സാധിച്ചു തരാന്‍ ഈ ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് മെഴുവേലി ഗ്രാമപഞ്ചായത്ത്. മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫിയും പ്രത്യേക ധനസഹായവും നേടി ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ് മെഴുവേലി ഗ്രാമ പഞ്ചായത്ത്.
കൃത്യനിഷ്ടതയോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പുരസ്‌കാരത്തിനു മെഴുവേലി ഗ്രാമപഞ്ചായത്തിനെ അര്‍ഹരാക്കിയത്. 2000ത്തിലും മെഴുവേലി പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് ഈ പുരസ്‌കാരത്തിന് പഞ്ചായത്തിനെ അര്‍ഹമാക്കിയതെന്നും രണ്ടാം സ്ഥാനത്തു നിന്ന് ഒന്നിലേക്കെത്തുമെന്നും വികസനം മാത്രമാണ് ഭരണ സമിതിയുടെ ലക്ഷ്യമെന്നും മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ കമ്മിറ്റികള്‍ കൂടുകയും വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. വികസന സ്റ്റാന്റിംഗ് കമ്മിറ്റിയും സ്റ്റിയറിംഗ് കമ്മിറ്റിയും കൃത്യമായി ചേരും. പഞ്ചായത്തില്‍ നികുതി പിരിവ് നൂറു ശതമാനം നടപ്പാക്കുന്നുണ്ട്. ആശ്രയ പദ്ധതികളുടെ ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുകയും സ്ത്രീ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. പഞ്ചായത്തിലെ ഭവന രഹിതര്‍ക്ക് വീട് നല്കുക എന്നതായിരുന്നു ഭരണ സമിതി അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പ്രഖ്യാപനം. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതോടൊപ്പം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 20 വീടുകള്‍ നിര്‍മിച്ചു നല്കി. പഞ്ചായത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ ക്ഷീരഗ്രാമ പദ്ധതി വഴി 70 പശുക്കളെ വിതരണം ചെയ്തു. 35 ഹെക്ടറില്‍ അധികം നെല്‍കൃഷി നടത്തുന്നതിനോടൊപ്പം കരകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ മെഴുവേലിയുടെ രൂപം തന്നെ മാറി.
മാലിന്യ സംസ്‌കരണത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മെഴുവേലി ഗ്രാമപഞ്ചായത്ത് നടത്തി വരുന്നത്. ഹരിത കര്‍മ്മസേന രൂപീകരിക്കുകയും ഹരിത ചട്ടം പാലിച്ച് നടത്തുന്ന പൊതുപരിപാടികളില്‍ ഉള്‍പ്പടെ ഹരിതകര്‍മ്മസേനയുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നു. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍, സ്ത്രീസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കൃതിമായി നടത്തി വരുന്നതുവഴി ജനങ്ങളിലേക്കിറങ്ങിയുള്ള വികസനത്തിന് ആഴം കൂടി. പ്രവര്‍ത്തന മികവിന് 2019 ല്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും പഞ്ചായത്തിന് ലഭിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.34കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. കിടപ്പ് രോഗികള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍, സമ്പൂര്‍ണ കേര ഗ്രാമം, പദ്ധതി തുടങ്ങിയവ മെഴുവേലി പഞ്ചായത്തിന്റെ വികസന മാതൃകയാണ്. അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതെ പഞ്ചായത്തിലെ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പു വരുത്താന്‍ തൊഴിലാളി കൂട്ടായ്മകള്‍ തുടങ്ങുക എന്ന ലക്ഷ്യത്തിനു പിന്നാലെ ഓടിത്തുടങ്ങിയിരിക്കുകയാണ് മെഴുവേലി ഗ്രാമപഞ്ചായത്ത്. വികസനത്തിന്റെ പുതിയ വേലിയേറ്റം ലക്ഷ്യമിട്ട്.