Monday, April 14, 2025 1:11 am

എന്താണ് കൊറോണ വൈറസ് ? : പ്രതിരോധത്തിനായി അറിയേണ്ടതെന്തെല്ലാം? – പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :കൊറോണ ഒരു ആര്‍.എന്‍.എ. വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തില്‍ നിന്നും സൂര്യരശ്മികള്‍ പോലെ തോന്നിക്കുന്ന കൂര്‍ത്ത മുനകള്‍ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്നതാണ്  കൊറോണ വൈറസ്.  ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. 2002-2003 കാലഘട്ടത്തില്‍ ചൈനയിലും സമീപ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച എസ്.എ.ആര്‍.എസ്. (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012ല്‍ സൗദി അറേബ്യയില്‍ എം.ഇ.ആര്‍.എസ്. (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്.

കൊറോണ വൈറസ് : രോഗ ലക്ഷണങ്ങള്‍
പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ന്യുമോണിയ, വൃക്കകളുടെ പ്രവര്‍ത്തനമാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയില്‍ മരണത്തിന് വരെ ഇവ കാരണമാകാം.

രോഗപകര്‍ച്ച
രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ആറു മുതല്‍ 10 ദിവസങ്ങള്‍ വരെ എടുക്കാം.

രോഗം കണ്ടുപിടിക്കുന്നതെങ്ങനെ?
രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രോഗനിര്‍ണയം ഉറപ്പുവരുത്തുന്നത്. പി.സി.ആര്‍, എന്‍.എ.എ.റ്റി എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍. ഏഴുതരം കൊറോണ വൈറസുകളാണ് മനുഷ്യനില്‍ നിലവില്‍ രോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്.

ചികിത്സ
കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ നിലവില്‍ ലഭ്യമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസനപ്രക്രിയയില്‍ ഗുരുതരമായ തകറാറുള്ളവര്‍ക്ക് വെന്റിലേറ്റര്‍ ചികിത്സയും വേണ്ടി വരും.

കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനുള്ള പൊതുനിര്‍ദ്ദേശങ്ങള്‍
1) കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളൂ. ഇതിനുവേണ്ടി ദിശ നമ്പറില്‍ വിളിച്ച് (0471 2552056) നിര്‍ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രം പുറപ്പെടുക.

2) ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയണം. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

3) വീട്ടില്‍ ഉള്ള മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക. സന്ദര്‍ശകരെ വീട്ടില്‍ അനുവദിക്കാതിരിക്കുക.

4) തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്ലീച്ചിംഗ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീസ്പണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.

5) ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ തൂവാല, തോര്‍ത്ത്, തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കുക, ഇവ അണുവിമുക്തമാക്കുക, പൊതുസ്ഥലത്ത് തുപ്പാതിരിക്കാനും ശ്രദ്ധിക്കുക.

6) വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.

7) നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, കക്കൂസ് തുടങ്ങിയവയും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

8) പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ജില്ലയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതത് ആശുപത്രികളിലേക്ക് പോകുക. ജില്ലയില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ 0468 – 2228220.

9) ജില്ലയില്‍ രണ്ട് ആശുപത്രികളിലായാണ് പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുള്ളത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമായാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡോ. ആഷിഷ് മോഹന്‍ കുമാര്‍ 9947970079, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡോ.പ്രതിഭ 9447608856 എന്നിവരെ അവശ്യ ഘട്ടങ്ങളില്‍ ഫോണില്‍ ബന്ധപെട്ടതിനു ശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ചികിത്സക്കായി ഇതര ഒ.പി കാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം.

10) നിര്‍ദിഷ്ട വ്യക്തിയും കൂടെ പോകുന്ന ആളും മാസ്‌ക് അല്ലെങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കുക. പൊതു വാഹനങ്ങള്‍ യാത്രയ്ക്ക് ഒഴിവാക്കുക. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും (0471 2552056) വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.

മുന്‍കരുതലുകള്‍
1. കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവര്‍ത്തി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ ആള്‍ക്കഹോള്‍ ചേര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിക്കുക.
2. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മൂക്കും വായയും മറച്ചു പിടിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേര്‍ക്കാവാതെ ശ്രദ്ധിക്കുക.
3.രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.
4.മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്യുക.
5. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാതിരിക്കുക. ഈ കാര്യങ്ങളില്‍ അധ്യാപകര്‍ ജാഗരൂകര്‍ ആയിരിക്കുക, കുട്ടികള്‍ക്ക് ഇതേക്കുറിച്ച് അറിവ് പകരുക.
6. രോഗ ബാധിത പ്രദേശങ്ങളില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരേയും അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരേയും കണ്ടെത്തുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.
7. ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
8.വ്യാജവാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ മാത്രം പാലിക്കുക.

കൊറോണയെ ഭയക്കേണ്ട സാഹചര്യമുണ്ടോ ?
രോഗാണുവിനേയും അവയുടെ സംക്രമണ രീതികളേയും മനസിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കുക എന്നതാണ് അവയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാന മാര്‍ഗം. മുമ്പ് വന്നിട്ടുള്ള എബോള, നിപ തുടങ്ങിയ രോഗങ്ങളെ അപേക്ഷിച്ചു കൊറോണ ഭീകരമല്ല. കൊറോണ വൈറസിന്റെ കാര്യത്തില്‍ മരണവും വൈകല്യങ്ങളും താരതമ്യേന കുറവാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

0
പാലക്കാട്: തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംഭവത്തിൽ...

പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്‍ലറ്റിൽ ബാലികയെ ക്യൂവിൽ നിർത്തി

0
പാലക്കാട്: പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ...

പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച് പാൽ കച്ചവടക്കാരൻ മരിച്ചു

0
തിരുവനന്തപുരം: ബാലരാമപുരത്ത് മീനുമായി പോയ പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച്...

പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു

0
തൃശ്ശൂർ: ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ...