കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ വെള്ളം ചോദിച്ചെത്തി കളിത്തോക്ക് കാട്ടി മോഷണം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. കുമളി വെള്ളാരംകുന്ന് പത്തുമുറി കല്യാട്ടുമഠം ശ്രീരാജ് നമ്പൂതിരി(27) ആണ് അറസ്റ്റിലായത്. റിട്ട.അധ്യാപകന്‍ ചേന്നാമറ്റം ജോസ് പുത്തന്‍പുരയ്ക്കലിന്റെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഫെബ്രുവരി പത്തിന് നടന്ന സംഭവത്തില്‍ തെളിവുകള്‍ കുറവായിരുന്നതിനാല്‍ അന്വേഷണം നീണ്ടു പോവുകയായിരുന്നു. ഒരുമാസത്തോളം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് കുടുക്കിയത്.
ജോസ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ശ്രീരാജ് ഇയാളുടെ വീട്ടിലെത്തിയത്. പുറത്ത് നിന്ന് വീട്ടമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം നല്‍കി ഇവര്‍ തിരികെ അകത്തേക്ക് കയറുന്നതിനിടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍, കളിത്തോക്ക് കാട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വായില്‍ തുണി തിരുകി കയ്യും കാലും കെട്ടിയ ശേഷം വലിച്ചിഴച്ച് അടുത്ത മുറിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ കഴുത്തില്‍ കിടന്ന ആറുപവന്റെ മാലയും ഊരിവാങ്ങിയിരുന്നു. ഇതിനൊപ്പം അലമാരിയില്‍ സൂക്ഷിച്ചിരുന്ന 19 പവന്റെ ആഭരണങ്ങളും മോഷ്ടിച്ചാണ് ഇയാള്‍ കടന്നത്.
ഒറ്റപ്പെട്ട സ്ഥലത്തുള്ള വീടായതിനാലും മോഷ്ടാവ് വാഹനം ഉപയോഗിക്കാതെ വന്നതിനാലും കേസന്വേഷണം കനത്ത വെല്ലുവിളിയായിരുന്നു. അതുപോലെ തന്നെ ശ്രീരാജ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പരിസരപ്രദേശങ്ങളില്‍ സിസിറ്റിവി ക്യാമറകള്‍ ഇല്ലാതിരുന്നത് പ്രതിയെ കണ്ടെത്താന്‍ തടസം സൃഷ്ടിച്ചിരുന്നു.
തെളിവുകള്‍ കുറവായിരുന്ന കേസില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി എം.അനില്‍കുമാര്‍, എസ്‌എച്ച്‌ഒ ജസ്റ്റിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ടീമായാണ് അന്വേഷണം ആരംഭിച്ചത്. സംഭവസ്ഥലത്തു നിന്നും രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. നാന്നൂറിലേറെപ്പേരെയാണ് ചോദ്യം ചെയ്തത്. മോഷ്ടാവ് കോട്ടയത്തു നിന്നും അയര്‍ക്കുന്നത്തേക്ക് ബസില്‍ ആണ് എത്തിയതെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആ വഴിക്കായി.
കോട്ടയത്ത് നൂറിലധികം സിസിറ്റിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. സംശയമുള്ള ആളുകളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്രീരാജിലേക്കെത്തിച്ചത്. എസ്‌എച്ച്‌ഒ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ തമിഴ്നാട് അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍മാരായ ടി.ശ്രീജിത്ത്, ടി.റെനീഷ്, എസ്‌ഐമാരായ കെ.എച്ച്.നാസര്‍, ഷിബുക്കുട്ടന്‍, അസി. എസ്‌ഐ കെ.ആര്‍.അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ശ്യാം എസ്.നായര്‍, കെ.ആര്‍.ബൈജു, ഗ്രിഗോറിയസ്, ശ്രാവണ്‍ രമേഷ്, ടി.ജെ.സജീവ്, തോമസ് സ്റ്റാന്‍ലി, കിരണ്‍, ചിത്രാംബിക എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു അന്വേഷണ സംഘം.
അമയന്നൂരിലെ ഒരു ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നു ശ്രീരാജ് നമ്പൂതിരി. ആഢംബര ജീവിതം നയിക്കുന്നതിനായാണ് പ്രതി മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
ആഢംബര ജീവിതം നയിക്കുന്നതിനായി മോഷണം തെരഞ്ഞെടുത്ത ഇയാള്‍ ഒറ്റപ്പെട്ട വീടുകളാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. ഇതിനായി ഓണ്‍ലൈന്‍ വഴി ഒരു കളിത്തോക്കും വാങ്ങി. മോഷണത്തിനായി പുറപ്പെട്ടപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കുകയും ചെയ്തിരുന്നു. അയര്‍ക്കുന്നത്ത് മോഷണം നടത്തിയ ശേഷം ധരിച്ചിരുന്ന ഷര്‍ട്ടും കയ്യുറകളും വീട്ടില്‍ നിന്നെടുത്ത മൊബൈല്‍ ഫോണും വഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് പഴനി, ചിദംബരം, തക്കല തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.