കവരത്തി: രാജ്യദ്രോഹ കേസില്‍ യുവ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് സ്റ്റേഷനില്‍ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന. നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുല്‍ത്താനയോട് മൂന്നു ദിവസം കൂടി ദ്വീപില്‍ തുടരാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു.
ഇതിനിടെ ഇന്നലെ ഐഷ സുല്‍ത്താനയ്ക്ക് കൊവിഡ് ചട്ടം ലംഘിച്ചെന്ന് കാട്ടി ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി താക്കീത് നല്‍കിയിരുന്നു. രാജ്യദ്രോഹ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഐഷ സുല്‍ത്താന കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കളക്ടര്‍ പറയുന്നു. പോലീസ് സ്റ്റേഷനിലെത്താന്‍ മാത്രമാണ് ഐഷയ്ക്ക് അനുമതി നല്‍കിയത്. ദ്വീപില്‍ ഹോം ക്വാറന്റൈനില്‍ തുടരാനാണ് അറിയിച്ചത്.
എന്നാല്‍ ഐഷ സുല്‍ത്താന പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലടക്കം ഐഷയെത്തി. ദ്വീപിലെ പലയിടങ്ങളിലും സന്ദര്‍ശനം നടത്തി. ഇത് ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടി കേരളത്തിലെ എംപിമാര്‍ കേരളാ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദ്വീപ് ഭരണകൂടം ഇന്ന് വിശദീകരണം നല്‍കും.