ഡൽഹി : അയോദ്ധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചടങ്ങിനെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്ന വിമർശനം കൂടുതൽ ശക്തമാവുകയാണ്. പ്രതിഷ്ഠയോട് അനുബന്ധിച്ച് റിസർവ് ബാങ്കിന് അർദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചു.
പ്രതിഷ്ഠാ ചടങ്ങിനെ ബി.ജെ.പിയും ആർ.എസ്.സും രാഷ്ട്രീയ വൽക്കരിക്കുകയാണ് എന്ന ആരോപണമാണ് പ്രതിപക്ഷത്തിന്റേത്. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം മുതൽ അക്ഷത വിതരണം വരെയെല്ലാം വിശ്വ ഹിന്ദു പരിഷത്തും ആർ.എസ്.സും തന്നെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .
ഇത് വഴി ഹിന്ദി ഹൃദയ ഭൂമിയിൽ വൻ വിജയം ലക്ഷ്യമിട്ടാണ് ബി.ജെ.പി രാമക്ഷേത്രത്തെ ഉപയോഗിക്കുന്നത്. കോൺഗ്രസ് ആകട്ടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിക്കുകയും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുന്നതിനെ എതിർക്കുകയുമാണ്. പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉയരാത്തത് ആശ്വാസകരമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോദ്ധ്യ പ്രചാരണ വിഷയമാക്കുവാൻ ബി.ജെ.പി താല്പര്യപെടുന്നത് ഹൈന്ദവ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ്.