പത്തനംതിട്ട : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും നിലനിന്നിരുന്ന കാലഘട്ടത്തില്‍ കേരളത്തിലെ അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടെ മോചനത്തിനായി പടപൊരുതി കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച നവോത്ഥാന നായകനാണ് മഹാനായ അയ്യങ്കാളിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യന്‍കാളി സ്മൃതി ദിനാചരണ പരിപാടികള്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളുടെയും നേരവകാശി അയ്യങ്കാളിയാണ്. കേവലമായ പൗരാവകാശം നഷ്ടപ്പെട്ടകാലത്ത് വസ്ത്രം ധരിക്കുവാനും വിദ്യാഭ്യാസം നേടുന്നതിനുമുള്‍പ്പെടെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്‍റെ സ്മരണ എക്കാലവും നിലനില്‍ക്കുന്നതാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.കെ ലാലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ അര്‍ജുനന്‍, വി.റ്റി. അജോമോന്‍, മഞ്ജു വിശ്വനാഥ്, സുഗതന്‍ കൊറ്റനാട്, സുരേഷ് പാണില്‍, പി.കെ രാജന്‍, ജയന്‍ ബാലകൃഷ്ണന്‍, കെ.എന്‍. രാജന്‍, പി.കെ ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.