പത്തനംതിട്ട : സന്നിധാനത്തെ ഭസ്മക്കുളത്തിൽ സ്നാനം നടത്തി ഭക്തന്മാർ. ധാരാളം ഭക്തജനങ്ങളാണ് തൊഴുതു കഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും ഭസ്മകുളത്തിലേക്ക് എത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷമാണ് ഭക്തര്‍ ഇവിടേക്കെത്തുക. സോപ്പോ എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തില്‍ കുളിച്ചശേഷം തിരികെ പോയി നെയ്യഭിഷേകം നടത്തുന്നവര്‍ ഒട്ടേറെയാണ്. ശബരിമലയില്‍ ശയനപ്രദക്ഷിണം നേര്‍ച്ചയുള്ളവരും ഭസ്മക്കുളത്തിലെ സ്‌നാനത്തിനുശേഷം നേര്‍ച്ച നിര്‍വഹിക്കാനായി പോകുന്നു.
ശരീരമാസകലം ഭസ്മം പൂശി സ്‌നാനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാര്‍ ഭസ്മ കുളത്തിലെ പതിവുകാഴ്ചയാണ്. മാളികപ്പുറത്തുനിന്നു 100 മീറ്റര്‍ അകലെയാണ് കുളം. നാലുവശവും കല്‍പ്പടവുകളാല്‍ നിര്‍മ്മിതമായതും നടുക്ക് കരിങ്കല്‍ പാകിയതുമാണ് ഭസ്മക്കുളം. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വസിച്ചുപോരുന്നത്. ആറു ഫയർഫോഴ്സ് ഉദ്യോഗസ്ഥരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഭസ്മക്കുളത്തിനു സമീപം ഡ്യൂട്ടിക്കുണ്ട്. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, സ്ട്രക്ചർ, ഫ്ലോട്ടിംഗ് പമ്പ് ,ഹോസ് ഫസ്റ്റ് എയ്ഡ് മരുന്നുകൾ എന്നിവയും ഭസ്മക്കുള്ളത്തിനു സമീപം സജീകരിച്ചിട്ടുണ്ട്.