പത്തനംതിട്ട : ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് ജില്ലാ പദയാത്ര അഞ്ച് ദിവസങ്ങളിലായി പത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ പരിധിയിലൂടെ എഴുപത്തി അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 14 – ഞായറാഴ്ച്ച വൈകിട്ട് 5 – മണിക്ക് മൈലപ്രയിൽ സമാപിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും പദയാത്രയുടെ ജനറൽ കൺവീനറുമായ സാമുവൽ കിഴക്കുപുറം പറഞ്ഞു. രാവിലെ 10 – മണിക്ക് കോന്നി ടൗണിൽ നിന്നും പദയാത്ര ആരംഭിക്കും. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം വൈകിട്ട് 5- മണിക്ക് മൈലപ്ര ടൗണിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജു വജ്ര ജൂബിലി സന്ദേശം നല്കും. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന ആസാദി കാ ഗൗരവ് പദയാത്രക്ക് ജില്ലയിലൊട്ടാകെ വൻ വരവേൽപ്പ് ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും പദയാത്ര ജില്ലയിൽ ചരിത്ര സംഭവം ആയി മാറുമെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.
പദയാത്രയുടെ നാലാം ദിവസമായ നാളെ (ആഗസ്റ്റ് 13- ശനിയാഴ്ച്ച) രാവിലെ 10-മണിക്ക് ആറന്മുള ബ്ലോക്കിലെ ഇരവിപേരൂരിൽ നിന്നും ആരംഭിച്ച് ഉച്ചക്ക് 1- മണിക്ക് മാരാമണ്ണിൽ സമാപിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പദയാത്ര ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം 3 – മണിക്ക് പത്തനംതിട്ട ബ്ലോക്കിലെ ഇലന്തൂരിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട ടൗണിൽ സമാപിക്കും. നാളത്തെ സമാപന സമ്മേളനം കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും.