കൊച്ചി : അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. ഭേദഗതി നിലവില്‍വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പഴയനിയമം ബാധകമാണെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ കേസിലെ പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ണായക വിധി പ്രസ്താവിച്ചത്.
2018 ജൂലൈയിലെ അഴിമതി നിരോധന നിയമ ഭേദഗതി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കും ബാധകമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ ഇത് കോടതി പൂര്‍ണമായും തള്ളി. ഇതോടെ നിയമഭേദഗതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പഴയ നിയമം അനുസരിച്ചാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. സിബിഐ ഡയറക്ടറേറ്റ് അടക്കം സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന കേസിലാണ് തിങ്കളാഴ്ച സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. ഒട്ടേറെ വിജിലന്‍സ്, സിബിഐ കേസുകളിലും കേരള ഹൈക്കോടതിയുടെ വിധി നിര്‍ണായകമാകും.