തിരുവല്ല: നവീകരണത്തിന്റെ ഭാഗമായി അഴിയിടത്തുചിറ – മേപ്രാല്‍ റോഡ് പണികള്‍ പുനരാംരംഭിച്ചു. മൂന്ന് മാസമായി റോഡ് പണികള്‍ മുടങ്ങി പ്രദേശവാസികള്‍ ദുരിതത്തിലായിരുന്നു. ഇതോടെ റോഡില്‍ പൊടിശല്യവും യാത്ര ദുരിതവും രൂക്ഷമായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ നാല് മാസത്തിനുള്ളില്‍ റോഡ് പണികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് പണിയുടെ തിടുക്കത്തില്‍ പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പദ്ധതി നീളുകയായിരുന്നു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് റോഡ് പണികള്‍ ഇപ്പോള്‍ ആരംഭിച്ചത്. അതില്‍ ആദ്യ ഘട്ടമായ അഴിയിടത്തുചിറ – മേപ്രാല്‍ (ചന്ത പീടിക ) വരെയുള്ള ജോലികളാണ് തുടങ്ങിയത്.
റോഡില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ ഡബ്യൂ എം എം വിരിക്കുന്ന ജോലികള്‍ ഇന്ന് ആരംഭിച്ചു. വിരിച്ച് ഉറപ്പിച്ചതിന് ശേഷം ആദ്യ ലയര്‍ ടാറിങ്ങ് ജോലികള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഴിയിടത്തുചിറ – മേപ്രാല്‍ – അംബേക്കര്‍ കോളനി റോഡിന്റെ പണികള്‍ ജലവിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നീണ്ടു പോയത്. പണിക്ക് ആവശ്യമായ സാധനങ്ങളുടെ ലഭ്യത കുറവും മറ്റൊരു കാരണമായി. 2021 മാര്‍ച്ചില്‍ 5.500 കിലോമീറ്റര്‍ ദൂരം റോഡ് പണികള്‍ ആരംഭിച്ചെങ്കിലും ഓരോ ഘട്ടത്തിലും പദ്ധതി ഇഴഞ്ഞ് നീങ്ങുക ആയിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് റോഡ് താറുമാറായ നിലയിലും, മഴയും തുടര്‍ന്നുള്ള വെള്ളക്കെട്ടും നേരിടുന്നതോടെ റോഡിലൂടെ വാഹന യാത്രയ്ക്കും കാല്‍നടയാത്രയ്ക്കും പ്രയാസം നേരിട്ടിരുന്നു.