തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ. മാസപ്പടി കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം ആരോപിച്ചു. എ.കെ ബാലൻ പിണറായി വിജയന്റെ വിശ്വസ്തനാണെന്നും പിണറായി വിജയന്റെ ദൂതനായാണ് ബാലൻ മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നുമാണ് ഗോപകുമാറിന്റെ ആരോപണം. എ.കെ. ബാലൻ മുഖ്യമന്ത്രിയെ കാണാനുണ്ടായ സാഹചര്യം എന്താണെന്ന് വി.ഡി സതീശൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാസപ്പടി കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇപ്പോഴത്തെ മെല്ലെപ്പോക്ക് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഗോപകുമാർ ആരോപിച്ചു.
കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ബി.ബി ഗോപകുമാർ പറഞ്ഞു. തന്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാനമൊട്ടാകെ ജനകീയ സമരം ആരംഭിക്കുമെന്നും ബി.ബി ഗോപകുമാർ മുന്നറിയിപ്പ് നൽകി.































