ലക്നോ : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറയുന്ന ദിവസം കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി അറിയിച്ചു. സെപ്റ്റംബര്‍ 30ന് ലക്നോയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക.
മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അഡ്വാനി, മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, സ്വാധ്വി റിതംബര, രാം വിലാസ് വേദാന്തി, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരുള്‍പ്പടെ 32 പ്രതികളാണ് കേസില്‍ ഉള്ളത്.
നേരത്തെ, ഓഗസ്റ്റ് 31ന് ഉള്ളില്‍ കേസില്‍ വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സെപ്റ്റംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സമയം നീട്ടിവെക്കുകയായിരുന്നു. അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസില്‍ മൊഴി നല്‍കിയിരുന്നു.