തിരുവനന്തപുരം: ലോകം മുഴുവന്‍ തത്സമയം കണ്ട ബാബറി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്ന് പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിന് തെളിവില്ലെന്ന് പറയാന്‍ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാബറി കേസില്‍ പ്രതികളെ വെറുതെ വിട്ട ലഖ്‌നൗ സി.ബി.ഐ കോടതി വിധി നിര്‍ഭാഗ്യകരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. വിധിക്കെതിരെ അന്വേഷണ ഏജന്‍സി അപ്പീല്‍ പോകണമെന്നാണ് അഭിപ്രായമെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു. പ്രതീക്ഷിക്കാത്ത വിധിയാണ് വന്നതെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എല്ലാവരും സമാധാനം പാലിക്കണം. ബാബറി മസ്ജിദ് പൊളിച്ചില്ല എന്നു പറയുന്നതിനു തുല്യമായ വിധിയാണ് വന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയോദ്ധ്യതര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍ ലഖ്നൗ സി.ബി.ഐ കോടതി വിധിയോടെ അവസാനിച്ചെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബി.ജെ.പിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് നേതാക്കളും ബാബറി മസ്ജിദ് വിധിയില്‍ പ്രതികരണവുമായി എത്തി.