എറണാകുളം : മൂന്നാറില്‍ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ് എന്ന റിസോര്‍ട്ട് നേര്യമംഗലം സ്വദേശി അരുണ്‍ കുമാറിന് പാട്ടത്തിനു നല്‍കി 40ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രതിമാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനന്‍സും നല്‍കാമെന്ന കരാറിലാണ് റിസോര്‍ട്ട് നല്‍കിയത്.
എന്നാല്‍ കൈയേറ്റ ഭൂമിയിലാണെന്നതിനാല്‍ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാവാത്ത സ്ഥിതി വന്നെന്നും കരുതല്‍ ധനം തിരിച്ചു ചോദിച്ചിട്ടു നല്‍കിയില്ലെന്നും അരുണ്‍ കുമാര്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വാടകയിനത്തില്‍ കുടിശ്ശിക വരുത്തിയെന്നും ഇതു ചോദിച്ചപ്പോഴാണ് തനിക്കെതിരെ കേസ് നല്‍കിയതെന്നുമാണ് ബാബുരാജ് പറയുന്നത്.