തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം പതിവ് പോലെ മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയിൽ നിന്നും വീട്ടിലേക്ക് അച്ഛൻ രതീഷ് കൂട്ടികൊണ്ടുവന്നു. കുഞ്ഞ് തീർത്തും ക്ഷീണിതയായിരുന്നു. അൽപ്പ സമയത്തിന് ശേഷം കുട്ടി നിർത്താതെ ഛർദ്ദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്. കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന് സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തലയിൽ ആന്തരിക രക്തസ്രാവവുമുണ്ട്.
കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ അങ്കണവാടി ജീനക്കാര്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തെക്കുറിച്ച് അങ്കണവാടി അധ്യാപികയോട് ചോദിച്ചപ്പോൾ കസേരയിൽ നിന്ന് കുഞ്ഞ് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാൻ മറന്നു പോയിയെന്നുമായിരുന്നു മറുപടിയെന്ന് മാതാപിതാക്കൾ പറയുന്നു. മാറനല്ലൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ആകെ ആറ് കുട്ടികളാണുള്ളത്. ഇവരെ പരിചരിക്കാൻ അധ്യാപികയും ആയയുമാണുള്ളത്. കുട്ടി ക്ലാസിൽ വീണിരുന്നുവെന്നും എന്നാൽ അങ്കണവാടിയിൽ വെച്ച് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും അങ്കണവാടി അധ്യാപിക പറഞ്ഞു.