നാഗ്പൂര്‍: വിദർഭയില്‍ നിന്നുള്ള മുതിർന്ന നേതാവ് ഗോപാൽദാസ് അഗർവാൾ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഗോപാല്‍ദാസ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി എത്തുന്നത്. കോൺഗ്രസുകാരനെന്ന നിലയിൽ 2004, 2009, 2014 വർഷങ്ങളിൽ ഗോണ്ടിയ സീറ്റിൽ അഗർവാളായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ 2019 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം ബിജെപിയിലേക്ക് മാറി. ജയിക്കാനായതുമില്ല.
സ്വതന്ത്രനായ വിനോദ് എസ്. അഗർവാളിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. തോല്‍വിക്ക് കാരണം പ്രാദേശിക ബിജെപി നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവര്‍ വേണ്ടത്ര സഹകരിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. കോൺഗ്രസിൻ്റെ പരമ്പരാഗത കോട്ടയാണ് ഗോണ്ടിയ സീറ്റ്. 1952 മുതൽ തുടർച്ചയായി 12 തവണ ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെ എംഎല്‍എയാണുണ്ടായിരുന്നത്. 1995, 1999, 2019 എന്നീ വർഷങ്ങളിൽ മാത്രമാണ് ഇതിന് മാറ്റം സംഭവിച്ചിരുന്നത്.