തിരുവനന്തപുരം : തുണിസഞ്ചിക്ക് മറവിലെ തട്ടിപ്പ് തടയാന്‍ ടെന്‍ഡര്‍ നടപടികള്‍ കര്‍ശനമാക്കി സപ്ലൈകോ. കരാറുകാര്‍ കെട്ടിവയ്ക്കേണ്ട തുക ഒരുലക്ഷമായി ഉയര്‍ത്തിയതിന് പുറമെ, കുടുംബശ്രീ യൂണിറ്റുകളില്‍നിന്നു സഞ്ചി നേരിട്ട് വാങ്ങുന്നതും അവസാനിപ്പിച്ചു. തട്ടിപ്പിന് ചരടുവലിച്ച ഉദ്യോഗസ്ഥരേയും കരാറുകാരേയും സംരക്ഷിക്കാനാണ് സപ്ലൈകോ ശ്രമം. കരാര്‍ എറ്റെടുക്കുന്നവര്‍ തുണിസഞ്ചി സമയത്തിന് എത്തിക്കാതിരിക്കുന്നതാണ് അഴിമതിക്ക് കാരണമാകുന്നതാണെന്നാണ് സപ്ലൈകോയുടെ വിലയിരുത്തല്‍. ഇത് തടയാന്‍ നടപടി ക്രമങ്ങള്‍ കര്‍ശനമാക്കും. ഇതനുസരിച്ച് കരാറില്‍ പങ്കെടുക്കുന്ന സ്വകാര്യ കമ്പനികള്‍ കെട്ടിവയ്ക്കേണ്ട തുക 50,000ൽ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തും. കരാര്‍ ഏറ്റെടുത്തശേഷം വിതരണം ചെയ്യാതെ പിന്‍മാറിയാല്‍ പിഴ ഈടാക്കും.
കുടുംബശ്രീ യൂണിറ്റുകളില്‍നിന്നു നേരിട്ട് തുണിസഞ്ചി വാങ്ങുന്നത് ഒഴിവാക്കും. പകരം കുടുംബശ്രീ മിഷനുമായിട്ടായിരിക്കും കരാര്‍. പണമിടപാടും അവരുമായി തന്നെ. ഇപ്പോള്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് ഏത് കുടുംബശ്രീ യൂണിറ്റില്‍ നിന്നും നേരിട്ട് സഞ്ചി വാങ്ങാം. ഇതിന്റെ മറ പിടിച്ചാണ് പാലക്കാട്ടെ ചില കുടുംബശ്രീ യൂണിറ്റുകള്‍ തമിഴ്നാട്ടിലെ വിലകുറഞ്ഞ സഞ്ചി വാങ്ങി നല്‍കി പണം തട്ടിയത്. ടെന്‍ഡര്‍ നടപടികള്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് വയനാട് കോഫീ ട്രെഡിങ് കമ്പനി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി. കരാര്‍ ലഭിച്ചയാള്‍ പിന്‍മാറിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ തങ്ങളെ പരിഗണിക്കാതെ കരാര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം.