തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന് ജാമ്യം. ശബരീനാഥനെ കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന് കോടതി. മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഗൂഢാലോചനയില്‍ ശബരീനാഥനാണ് മാസ്റ്റര്‍ ബ്രെയിനെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വാട്സാപ് സന്ദേശമയച്ചശേഷം ശബരീനാഥന്‍ ഒന്നാംപ്രതിയെ ഫോണില്‍ വിളിച്ചു. മറ്റാര്‍ക്കെങ്കിലും സന്ദേശമയച്ചോ എന്നും കണ്ടെത്തണം. പ്രതികള്‍ നാലുേപരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. വാട്സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഫോണ്‍ ഉടന്‍ ഹാജരാക്കാമെന്ന് ശബരീനാഥന്‍ പറഞ്ഞു. വാട്സാപ്പ് ഉപയോഗിച്ച ഫോണ്‍ മാറ്റി, യഥാര്‍ഥ ഫോണ്‍ കണ്ടെടുക്കണമെന്ന് പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
രാവിലെ ചോദ്യംചെയ്യലിന് ഹാജരായ ശബരീനാഥനെ അറസ്റ്റു ചെയ്ത വിവരം പ്രോസിക്യൂട്ടര്‍ കോടതിയെ അറിച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്. ശബരീനാഥിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 11 മണിക്ക് പരിഗണിച്ച കോടതി, ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ചു. അപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രോസിക്യൂട്ടര്‍, ശബരീനാഥനെ 10.50ന് അറസ്റ്റു ചെയ്തുവെന്ന് പീന്നീട് അറിയിച്ചു. 10.30നാണ് ശബരീനാഥന്‍ ചോദ്യംചെയ്യലിനായി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. എന്നാല്‍ തന്‍റെ അറസ്റ്റ് 12.30നാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യപരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശബരീനാഥന്‍ പറഞ്ഞു.