ന്യൂഡല്‍ഹി : ഓഹരി വിപണിയില്‍ മുന്നേറി ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്. രാവിലെ 10.50 ന് 2.58 ശതമാനം അഥവാ 330 രൂപ നേട്ടത്തോടെ 12,950 രൂപയിലാണ് ഈ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരിവില 13,000 ന് മുകളിലെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലായി 3.12 ശതമാനം ഉയര്‍ന്ന ബജാജ് ഫിന്‍സെര്‍വിന്റെ ഓഹരിവില ഒരുമാസത്തിനിടെ 11.4 ശതമാനം അഥവാ 1,320 രൂപയോളമാണ് കുതിച്ചുയര്‍ന്നത്.
അഞ്ച് രൂപ വീതം മുഖവിലയുള്ള കമ്ബനിയുടെ ഓഹരികള്‍ വിഭജനം ചെയ്യുന്നതിനുള്ള നിര്‍ദേശം നാളെയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തിനായി എടുക്കുന്നത്. ഓഹരിയുടമകള്‍ക്ക് ബോണസ് ഇക്വിറ്റി ഷെയറുകള്‍ നല്‍കാനുള്ള നിര്‍ദേശവും നാളത്തെ യോഗത്തില്‍ പരിഗണിക്കും. ബജാജ് ഫിന്‍സെര്‍വിന്റെ ജൂണ്‍ പാദത്തിലെ വരുമാനവും അതേ ദിവസം തന്നെ പ്രഖ്യാപിക്കും.
മുന്‍ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ബജാജ് ഫിന്‍സെര്‍വ് ഏകീകൃത അറ്റാദായത്തില്‍ 37.48 ശതമാനം വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്. 1,346 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ അറ്റവരുമാനം 15,387 കോടി രൂപയില്‍ നിന്ന് 22.58 ശതമാനം ഉയര്‍ന്ന് 18,862 കോടി രൂപയായിരുന്നു.