വിപണിയിൽ എത്തിയ കാലം മുതൽ ഇന്ത്യൻ ജനതയ്ക്ക് ഒരു മോട്ടോർസൈക്കിൾ എന്നതിലുപരി ഒരു വികാരം തന്നെയാണ് പൾസർ എന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ആറ് പുതിയ പൾസർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് പുതിയ പൾസർ മോട്ടോർസൈക്കിളുകൾ എന്നത് തന്നെ ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. എന്നിരുന്നാലും മറ്റുള്ളവയെക്കാൾ കൂടുതൽ പ്രാധാന്യം തെളിയിക്കാൻ കഴിയുന്ന ഒരു പൾസറും ഇക്കൂട്ടത്തിൽ ഉണ്ട് എന്നാണ് റിപ്പോർട്ട്. 400 സിസി എഞ്ചിൻ പായ്ക്ക് ചെയ്തേക്കാവുന്ന “ഏറ്റവും വലിയ പൾസർ” മോഡലിന്റെ രംഗപ്രവേശത്തെ കുറിച്ച് രാജീവ് ബജാജ് ചെറിയ ഒരു സൂചന ഇതോടൊപ്പം നൽകി.
മുകളിൽ സൂചിപ്പിച്ചതു പോലെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി വിപണികളിലും മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് പൾസർ ബ്രാൻഡ്. നിലവിൽ 125 സിസിക്കും 250 സിസിക്കും ഇടയിൽ എഞ്ചിൻ കപ്പാസിറ്റിയുള്ള പൾസർ മോട്ടോർസൈക്കിളുകൾ ബജാജ് പുറത്തിറക്കിയിട്ടുണ്ട്. താഴത്തെ നിരയിൽ പൾസർ 125 ഉം പൾസർ NS 125 ഉം ഉണ്ട്. അടുത്ത നിരയിൽ പൾസർ RS 200 ഉം ഏറ്റവും പുതിയ പൾസർ N 250, പൾസർ F 250 എന്നീ മോഡലുകളും സ്ഥാനം പിടിക്കുന്നു.
ബജാജ് എംഡി രാജീവ് ബജാജ് വെളിപ്പെടുത്തിയതുപോലെ പൾസർ ബ്രാൻഡിന് കീഴിൽ വരാനിരിക്കുന്ന ആറ് പുതിയ മോഡലുകളിൽ എക്കാലത്തെയും ഏറ്റവും വലിയ പൾസർ നമുക്ക് ലഭിക്കുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഇവ വിപണിയിൽ എത്തിക്കാനാണ് ബജാജ് ഓട്ടോ ഉദ്ദേശിക്കുന്നത്. മിസ്റ്റർ ബജാജിന്റെ “എക്കാലത്തെയും ഏറ്റവും വലിയ പൾസർ” എന്ന പരാമർശം എഞ്ചിൻ ഡിസ്പ്ലേസ്മെന്റുമായി ബന്ധപ്പെട്ട് എക്കാലത്തെയും വലിയ പൾസറിനെ അർത്ഥമാക്കാൻ സാധ്യതയുണ്ട്.
ഈ ലോജിക്ക് അനുസരിച്ച് ചിന്തിച്ചാൽ ബജാജ് 250 സിസിയിൽ കൂടുതൽ എഞ്ചിൻ ഡിസ്പ്ലേസ്മെന്റുള്ള ഒരു പുതിയ പൾസർ പുറത്തിറക്കാനാവും പ്ലാൻ. പവർട്രെയിൻ ആർക്കിടെക്ചറുമായി ബജാജിന് ഇതിനകം തന്നെ കെടിഎമ്മുമായി പങ്കാളിത്തമുള്ളത് കണക്കിലെടുക്കുമ്പോൾ ഈ പുതിയ വരാനിരിക്കുന്ന വലിയ പൾസർ അതിന്റെ പവർട്രെയിനുകൾ ട്രയംഫ് സ്പീഡ് 400, കെടിഎം 390 എന്നിവയുമായി പങ്കിടാനുള്ള സാധ്യത ഏറെയാണ്.