കോഴിക്കോട്: കുരുവട്ടൂരിൽ പട്ടികജാതി യുവാവിനെ പോലീസ് മദ്യപാനിയാക്കി അധിക്ഷേപിച്ചതായി പരാതി. പട്ടികജാതി ക്ഷേമസമിതി കുരുവട്ടൂർ ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാറാണ് അധിക്ഷേപത്തിനിരയായത്. സംഭവത്തിൽ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ചേവായൂർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. വീടിനു സമീപത്തു നിന്ന് പ്രധാന റോഡിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ എതിർ ദിശയിൽ നിന്ന് പോലീസ് വാഹനം വന്നപ്പോൾ സ്കൂട്ടർ റോഡരികിലേക്ക് ഒതുക്കിനിർത്തി. ഈ സമയം പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന ചേവായൂർ എസ് ഐ ശ്രീകുമാറിനെ വാഹനത്തിനടുത്തേക്ക് വിളിക്കുകയും മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ജീപ്പിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പരാതി.
ഭാര്യയും മക്കളും എത്തി ശ്രീകുമാർ മദ്യപിക്കാത്ത ആളാണെന്ന് പറഞ്ഞതോടെ പോലീസ് ഇറക്കി വിടുകയായിരുന്നു എന്ന് ശ്രീകുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ പി.കെ എസ് പ്രാദേശിക നേതാക്കളൊടും പോലീസ് അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. കണ്ടപ്പോൾ മദ്യപിച്ചതായി തോന്നിയതിനെ തുടർന്നാണ് പിടികൂടിയതെന്നും ഭാര്യയും മക്കളും എത്തിയതോടെ വിട്ടയക്കുകയായിരുന്നു എന്നുമാണ് പോലീസ് വാദം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കമ്മീഷണർ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ശ്രീകുമാർ.