കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നുണ പരിശോധന ആരംഭിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്റെ നുണ പരിശോധന കൊച്ചി സിബിഐ ഓഫീസിലാണ് നടക്കുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് അര്‍ജുന്റെ മൊഴി. എന്നാല്‍, ബാലഭാസ്‌കറിന്റെ ഭാര്യ ഇത് നിഷേധിച്ചിരുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് പ്രധാനമായും സിബിഐ പരിശോധിക്കുക.
ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്ന പ്രകാശന്‍ തമ്പിയുടെ നുണപരിശോധനയും ഇന്ന് നടക്കും. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകട മരണമെന്നായിരുന്നു നേരത്തെയുളള ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ചെന്നൈയിലെയും ഡല്‍ഹിയിലേയും ഫൊറന്‍സിക് ലാബുകളില്‍ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തില്‍ ആണ് നുണ പരിശോധന നടക്കുന്നത്.