തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം നാലുപേരുടെ നുണപരിശോധനയ്ക്ക് സമര്‍പ്പിച്ച അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. പട്ടികയിലുള്ളവര്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് കോടതിക്ക് മുന്നില്‍ സമ്മതിക്കണം. എങ്കിലേ പരിശോധനാ നടപടികളുമായി സിബിഐക്ക് മുന്നോട്ട് പോകാനാകൂ.
ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടിയായ പ്രകാശ് തമ്പി, വിഷ്ണു, കേസിലെ പ്രധാന സാക്ഷി കലാഭവന്‍ സോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നാലുപേരില്‍ ആരെങ്കിലും വിസമ്മതിക്കുമോ എന്ന ആശങ്കയിലാണ് സിബിഐ. ഡ്രൈവര്‍ അര്‍ജുന്‍ വിസ്സമ്മതിക്കാന്‍ സാധ്യതയുള്ളതായി സിബിഐ സംശയിക്കുന്നു.
നുണപരിശോധനയ്ക്ക് വിധേയനാകണം എന്ന സിബിഐയുടെ ആവശ്യത്തോട് ആദ്യം താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന അര്‍ജുന്‍ മനസില്ലാമനസോടെയാണ് സമ്മതിച്ചത്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അര്‍ജുന്‍ ക്രൈംബ്രാഞ്ചിനും സിബിഐ ക്കും മുന്നില്‍ ‘ബാലഭാസ്കറാണ് വാഹനമോടിച്ചത്’ എന്ന് മാറ്റിപ്പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വാഹനമോടിച്ചത് അര്‍ജുനാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അര്‍ജുനേയും നുണപരിശോധനയ്ക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.