കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ മൊഴിമാറ്റാന്‍ തന്നെ സ്വാധീനിച്ചതായി കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നു തവണ തന്നെ കാണാന്‍ ആളുകള്‍ എത്തിയതായും സോബി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. നുണ പരിശോധനാ വേളയിലാണ് ഇക്കാര്യം സോബി വെളിപ്പെടുത്തിയത്.
ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയത് എന്നും സോബി പറയുന്നു. ആഡംബര കാറുകളിലായിരുന്നു സംഘം എത്തിയത്. ഇവര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ അതും ഹാജരാക്കാമെന്നും സോബി പറഞ്ഞു.
2019 നവംബര്‍ ഡിസംബര്‍ മാസങ്ങളിലും ഇക്കഴിഞ്ഞ ജനുവരിയിലുമാണ് സംഘം എത്തിയത്. പണവും വാഗ്ദാനം ചെയ്തുവെന്ന് സോബി പറഞ്ഞു. അതേസമയം ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ആ സമയത്തു തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും സോബി പറഞ്ഞു. മൂവാറ്റുപുഴയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ പിടികൂടിയപ്പോള്‍ തന്നെ കാണാന്‍ വന്ന സംഘത്തിലുള്ള ആളാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. പലരോടും ചോദിച്ച് മാസ്‌ക് ഇല്ലാത്ത ഫോട്ടോ എടുപ്പിച്ചിരുന്നു. പിന്നീട് ആള്‍ ഇതല്ലെന്നു ഉറപ്പിച്ചു. താന്‍ ഉദ്യോഗസ്ഥരോട് ഈ വിവരങ്ങള്‍ അറയിച്ച ശേഷം ഇവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.