കോന്നി : കോന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. കോന്നി വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, കോന്നി മുരിങ്ങ മംഗലം മഹാദേവർ ക്ഷേത്രം, കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്, അരുവാപ്പുലം എള്ളാംകാവ് മഹാദേവ ക്ഷേത്രം, ഐരവൺ പുതിയകാവ് ക്ഷേത്രം, തണ്ണിത്തോട് ധർമ്മശാസ്ത കാണിക്കമണ്ഡപം, ആറ്റുപുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഇളങ്ങവട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുടുത്ത ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിൽ ആണ് പ്രധാനമായും ബലി തർപ്പണ ചടങ്ങുകൾ നടന്നത്. കർമ്മിമാരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് വിശ്വാസികൾ ആണ് കോന്നിയുടെ വിവിധ കേന്ദ്രങ്ങളിൽ കർക്കിടക വാവ് ബലി അർപ്പിക്കുവാൻ എത്തിയത്. പുലർച്ചെ നാല് മണിയോടെ ആരംഭിച്ച ബലി തർപ്പണത്തിന് പ്രത്യേക സ്ഥലവും ക്രമീകരിച്ചിരുന്നു. രാവിലെ നാല് മണിക്ക് ആരംഭിച്ച ബലി തർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാൻ വലിയ തിരക്ക് ആണ് അനുഭവപെട്ടത്.
ബലി തർപ്പണം നടക്കുന്ന അച്ചൻകോവിലാറിലെ ക്ഷേത്ര കടവുകളിൽ കോന്നി അഗ്നി ശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശോധിച്ച് നേരത്തെ തന്നെ സുരക്ഷ ഉറപ്പു വരുത്തിയിരുന്നു. ക്ഷേത്ര കടവുകളിൽ ആഴമേറിയ ഭാഗങ്ങളിൽ വേലി കെട്ടി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ആളുകളെ ഇവിടേക്ക് പോകാൻ അനുവദിച്ചത്. പോലീസ്, അഗ്നി ശമന രക്ഷാ സേന, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യു തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. പിതൃപൂജ, തിലഹോമം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തുന്നതിനും വലിയ തിരക്ക് അനുഭവപെട്ടു. ഹൈന്ദവ ആചാരങ്ങളിൽ പ്രധാനപെട്ട ഒന്നാണ് കർക്കിടക മാസത്തിലെ അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധ കർമ്മം അല്ലെങ്കിൽ വാവ് ബലി തർപ്പണം. പൂർവ്വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഊർജ്ജം നേടുകയാണ് ബലിതർപ്പണത്തിന്റെ അടിസ്ഥാനം.