കറാച്ചി : പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുപിന്നാലെ പാകിസ്താന്‍ ആര്‍മിക്ക് വന്‍ പ്രഹരമായി രാജ്യത്തെ ആഭ്യന്തര സംഘര്‍ഷങ്ങളും. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്നാണ് വിവരം. ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്. ബോളാന്‍, കെച്ച് മേഖലകളില്‍ 14 പാകിസ്ഥാന്‍ സൈനികരുടെ മരണത്തിന് കാരണമായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. ബിഎല്‍എയുടെ ഐഇഡി ആക്രമണത്തില്‍ പാക് സൈന്യത്തിലെ സ്‌പെഷ്യല്‍ ഓപറേഷന്‍ കമാന്റര്‍ താരിഖ് ഇമ്രാനും സുബേദാര്‍ ഉമര്‍ ഫാറൂഖും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ സൈന്യത്തിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു.
അതേസമയം ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ച് ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്താണ് പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത്. ജ്മല്‍ കസബും ഡോവിഡ് കോള്‍മാന് ഹെഡ്ലിയുമുള്‍പ്പടെ പരിശീലനം നേടിയ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമായി. സാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് സേനയുടെ മുന്നറിയിപ്പ്. ഇന്ത്യ തകര്‍ത്ത ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്താനകത്തും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രമായ ബഹവല്‍പൂരിലെ മര്‍ക്കസ് സുബാഹ്നള്ള ക്യാമ്പ്, മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്ന മുരിഡ്‌കെയിലെ മര്‍കസ് ത്വയ്ബ ക്യാമ്പ് എന്നിവയടക്കം ഇതില്‍ ഉള്‍പ്പെടും.