കോഴിക്കോട് : കല്യാണം കഴിച്ച് എട്ട് ദിവസം കൊണ്ട് എന്ത് പീഡിപ്പിക്കാന്‍ … പുലിവാലു പിടിച്ച് ബാലുശ്ശേരി പോലിസ്. ”നിങ്ങള്‍ പറയുന്നതൊന്നും വിശ്വസനീയമല്ല. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍വെച്ച് കേസെടുക്കാന്‍ പറ്റില്ല. എട്ടുദിവസംകൊണ്ട് എന്തുപീഡനം നടക്കാനാണ്”- ബാലുശ്ശേരി പോലീസ് സ്റ്റേഷനെ വിവാദത്തിലാക്കുകയാണ് ഈ പരാതി. സ്ത്രീ പീഡന പരാതിയില്‍ കേസെടുക്കാതെ പോലീസ് കള്ളക്കളി നടത്തുന്നുവെന്നാണ് ആരോപണം.
വിവാഹംകഴിഞ്ഞ് എട്ടുനാള്‍ക്കകം ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി എത്തിയ 19 കാരിയോട് സി.ഐയും എസ്.ഐയും ഇങ്ങനെ പറഞ്ഞുവെന്നാണ് ആരോപണം. പ്രതിയുടെ മുന്നില്‍വെച്ച് തന്റെ പിതാവിനെ പരസ്യമായി അപമാനിച്ച സി.ഐ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായും പെരുമ്പള്ളി സ്വദേശിയായ യുവതി പറയുന്നു. രണ്ടുമാസം പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവര്‍ക്ക് താമരശ്ശേരി ഡി.വൈ.എസ്.പി മുഖാന്തരം പരാതി നല്‍കുകയും ചെയ്തു.
പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വിവാഹപൂര്‍വ ബലാത്സംഗം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളില്‍ കേസെടുക്കേണ്ട പരാതിയിലാണ് കേസെടുക്കല്‍ വൈകുന്നത്. നഗ്‌നവീഡിയോ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രതി ഭീഷണി തുടരുന്നതായും നീതി നടപ്പാക്കേണ്ട പൊലീസില്‍നിന്നുണ്ടായ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചതായും മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. എന്നാല്‍ ആരോപണം ശരിയല്ലെന്നും പൊലീസും വിശദീകരിക്കുന്നുണ്ട്.
ഇത്തരം പരാതികള്‍ കിട്ടിയ ഉടനെ എഫ്.ഐ.ആര്‍. വേണ്ടെന്നും അതിനുമുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നുമാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ബാലുശ്ശേരി സ്റ്റേഷനെപ്പറ്റിയുള്ള ആരോപണം ശരിയല്ല. ഞാന്‍ ചുമതലയേറ്റിട്ട് രണ്ടുമാസം ആവുന്നേയുള്ളു. സ്ത്രീകള്‍ നല്‍കിയ 20 പരാതികളില്‍ ഇതിനകം കേസെടുത്തിട്ടുണ്ടെന്നും ബാലുശ്ശേരി സി.ഐ സുരേഷ് കുമാര്‍ എം.കെ വിശദീകരിച്ചു. എന്നാല്‍ സ്ത്രീപീഡന പരാതികളില്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ ഒത്തുകളി സജീവമാണെന്നാണ് ഉയരുന്ന ആരോപണം.
ഭര്‍ത്താവില്‍നിന്ന് കടുത്ത ശാരീരിക, മാനസിക പീഡനങ്ങള്‍ നേരിടുന്ന ബാലുശ്ശേരി സ്വദേശിയായ 35 കാരി കഴിഞ്ഞവര്‍ഷം ജൂലായില്‍ നല്‍കിയ പരാതി കാണാനില്ലെന്നായിരുന്നു കേസെടുക്കാത്തതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ പോലീസ് നല്‍കിയ മറുപടി. സ്റ്റേഷനില്‍നിന്ന് ആവശ്യപ്പെട്ടതുപ്രകാരം രണ്ടാമത് പരാതി നല്‍കിയെങ്കിലും ഇതിലും നടപടിയുണ്ടായില്ല.
ഭര്‍ത്താവും ബന്ധുക്കളും ഇക്കഴിഞ്ഞ ജൂലായില്‍ യുവതിയും 12 വയസ്സുള്ള മകനും താമസിക്കുന്ന വീട്ടിലെത്തി ശാരീരികമായി ആക്രമിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെവെച്ച് പരാതി നല്‍കിയെങ്കിലും മൊഴി രേഖപ്പെടുത്തുന്നതിനപ്പുറം ഒന്നുമുണ്ടായില്ലെന്നാണ് യുവതി പറയുന്നത്. ഇതും ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനെ സംശയ നിഴലിലാക്കുന്നു.
കോഴിക്കോട് ജില്ലാകോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്യാതെ വിദേശത്തേക്കു കടക്കാന്‍ പൊലീസ് സഹായിച്ചുവെന്നാണ് പാലോളി സ്വദേശിയായ യുവതിയുടെ പരാതിയും ചര്‍ച്ചയാണ്. പ്രതി എവിടെയുണ്ടെന്ന് അറിയിക്കാനായി പൊലീസിനെ പലതവണ വിളിച്ചെങ്കിലും പരിഹാസത്തോടെയുള്ള മറുപടിയാണ് സ്റ്റേഷനില്‍നിന്നുണ്ടായത്.
നാലുവയസ്സുകാരിയുടെ അമ്മ കൂടിയായ യുവതിക്ക് തലാഖ് അയച്ച പ്രതിയിപ്പോള്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ജീവിച്ചിരിക്കുന്ന വിസ്മയയാണ് താനെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു. ശാസ്താംകോട്ടയില്‍ വിസ്മയയുടെ മരണ ശേഷം ഗാര്‍ഹിക പീഡന പരാതികള്‍ ഗൗരവത്തോടെ എടുക്കണമെന്ന് പൊലീസിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ലെന്നതാണ് ബാലുശ്ശേരിക്കഥ തെളിയിക്കുന്നത്.