വൈക്കം: ചിപ്സ് നിര്‍മ്മാണശാല കത്തിനശിച്ചു. വല്ലകം പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എ വണ്‍ ചിപ്സ് എന്ന സ്ഥാപനമാണ് കഴിഞ്ഞ ദിവസം രാത്രി 11ഓടെ കത്തിനശിച്ചത്.75 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വൈക്കം, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍നിന്ന് നാലു യൂണിറ്റെത്തി രണ്ടുമണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.
ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യുന്ന 12 ലക്ഷം രൂപയുടെ രണ്ട് യന്ത്രങ്ങള്‍, നാലുലക്ഷം രൂപ വില വരുന്ന 15 കിലോവാട്ടിന്റെ ജനറേറ്റര്‍, പഴം വറ, ചക്ക ചിപ്സ്, മിക്സ്ചര്‍, പക്കാവട തുടങ്ങി 40 ഇനം ചിപ്സുകള്ക്കുമായി 60 ലക്ഷത്തോളം രൂപ ചെലവുവരുമെന്ന് ഉടമ താമരവേലിയില് മധു പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.