മല്ലപ്പള്ളി : വാഴയിൽ പടരുന്ന ഇലപ്പുള്ളി രോഗം കർഷകരെ വലയ്ക്കുന്നു. മഞ്ഞ, തവിട്ട്, കറുത്ത വരകളും പാടുകളും ഒരുമിച്ച് ചേർന്ന് ഇലകൾ മഞ്ഞളിച്ച് കരിയുകയും തൂങ്ങുകയും ചെയ്യുന്നു. രോഗം വർധിച്ചാൽ ഇലകൾ തണ്ടുകളോടെ ഒടിഞ്ഞുതൂങ്ങും. മല്ലപ്പള്ളി കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന വിള ആരോഗ്യപരിപാലന കേന്ദ്രത്തിൽ ഇലപ്പുള്ളി രോഗത്തിന് ചികിത്സ ലഭിക്കുമെന്ന് കൃഷി ഓഫീസർ പ്രീജ പ്രേം പറഞ്ഞു. കുമിളാണ് രോഗ കാരണം. രോഗം വന്ന പുറം ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കുക, സ്ഥലത്ത് നീർവാർച്ച ഉറപ്പുവരുത്തുക, കള നിയന്ത്രണം നടത്തുക, വാഴ കൃത്യമായ ഇടയകലത്തിൽ നടുക തുടങ്ങിയവ രോഗം പടരാതെ തടയും.
ഒരുശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കാലവർഷത്തിന്റെ തുടക്കത്തിലും പിന്നീട് 45 ദിവസം ഇടവിട്ടും ഇലകളിൽ ഇരുവശങ്ങളിലായി മൂന്ന്, നാല് തവണ തളിക്കാം. രോഗതീവ്രത കൂടുതലാണെങ്കിൽ കൊണ്ടാഫ് അല്ലെങ്കിൽ ടിൽറ്റ് ഒരു മില്ലി അളവ് ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി ഇലകളിൽ തളിച്ചുകൊടുക്കാം. ആക്രമണം വർധിച്ചാൽ രാസകീടനാശിനി പ്രയോഗം നടത്തേണ്ടിവരും. ഇതിനായി വിള ആരോഗ്യപരിപാലന കേന്ദ്രവുമായി ബന്ധപ്പെടണം.