ചൂടോടെ ചുട്ടെടുക്കുന്ന മൊരിഞ്ഞ ദോശ. ധാന്യങ്ങളിട്ട് അതീവ രുചികരമായി തയ്യാറാക്കുന്ന അവരേക്കലു ദോശ, എത്ര കഴിച്ചാലും മതിവരാത്ത മഷ്റൂം ബിരിയാണി. തീര്‍ന്നിട്ടില്ല. ഇങ്ങനെ കന്നഡ രുചികളുടെ ഘോഷയാത്ര തന്നെ ഒരുക്കുന്ന ഒരിടമുണ്ട് ബാംഗ്ലൂരിൽ. കൺമുന്നിൽ വൃത്തിയോടെ രുചികരമായി തയ്യാറാക്കി തരുന്ന വിഭവങ്ങൾ മനസ്സും വയറും നിറയെ കഴിക്കാൻ പറ്റിയ വിവി പുരത്തെ തിണ്ടി ബീഡി. ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും നമ്മളെ പോകാൻ പ്രേരിപ്പിക്കുന്ന ഒരു പേടിയും കൂടാതെ എത്ര വേണമെങ്കിലും ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തിണ്ടി ബീഡി ബാംഗ്ലൂരിലെ ഭക്ഷണപ്രേമികളുടെയും പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ് ഇഷ്ടപ്പെടുന്നവരുടെയും പ്രിയപ്പെട്ട ഒരിടമാണ്. ഓരോ വൈകുന്നേര ങ്ങളിലും ഇവിടുത്തെ തിരക്ക് കണ്ടാല്‍ മാത്രം മതി എന്താണ് ഇവിടെയെന്ന് ഊഹിക്കാൻ. ഏതൊരു നഗരത്തിനും സ്വന്തമായി കുറഞ്ഞ് ഒരു ഫൂഡ് സ്ട്രീറ്റ് എങ്കിലും കാണുമെന്ന് കേട്ടിട്ടില്ലേ. അതുപോലെ ബാംഗ്ലൂരിലെ ഏറ്റവും പേരുകേട്ടതും പോക്കറ്റ് കാലിയാക്കാതെ വയറു നിറച്ചു കഴിക്കാം എന്നതുമാണ് ബാംഗ്ലൂരുകാരെ രാത്രിയിൽ ഇവിടേക്ക് ആകർഷിക്കുന്നത്. വിവി പുരം എന്ന വിശ്വേശ്വര പുരത്താണ് തിണ്ടി ബീഡി സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലങ്ങളിലൊന്നും കൂടിയായ ഇതിന് ജീവൻ വെയ്ക്കുന്നത് സൂര്യൻ അസ്തമിച്ചു കഴിയുമ്പോഴാണ്. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
വലിയ സെറ്റപ്പോ ആഢംബരമോ പ്രതീക്ഷിച്ചാണെങ്കിൽ നിങ്ങൾ ഇവിടേക്ക് വരേണ്ട. എന്നാൽ ഒന്നിനും പകരം വെയ്ക്കുവാൻ കഴിയാത്ത രുചികൾ തേടിയാണ് നിങ്ങളുടെ യാത്രയെങ്കിൽ അതിന് ബജറ്റ് പേടിക്കാതെ ഇവിടേക്ക് വരാം. കന്നഡയുടെ തനി നാടൻ രുചികൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇതിനുള്ളിൽ വിളമ്പുന്നു. കൂടാതെ വടക്കേ ഇന്ത്യൻ വിഭവങ്ങൾ, ചൈനീസ് വിഭവങ്ങള് തുടങ്ങിയവ ഉൾപ്പെടെയുള്ള ഇനങ്ങൾ ഇവിടെ വിളമ്പും. ഇവിടുത്തെ ഓരോ ആൾക്കും ഏതെങ്കിലും ഒരു പ്രത്യേക വിഭവം കാണും. ഒരിക്കൽ കഴിച്ചവർ ഒരു രുചി ഇഷ്ടപ്പെട്ട് വീണ്ടും വീണ്ടും അത് തേടി വരുന്നും ഇവിടെ പതിവാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഇവിടേക്ക് പോകാൻ മാത്രമായി സമയം കണ്ടെത്തുന്ന ഒരുപാട് ആളുകൾ ബാംഗ്ലൂരിലുണ്ട്.
അർധരാത്രി വരെ സജീവമായ തിണ്ടി ബീഡിയിലേക്ക് കുടുംബവുമായി വരുന്നവരും കുട്ടികളെയും കൂട്ടി ചെറിയൊരു ഔട്ടിങ്ങിനു വരുന്നവരും എല്ലാമുണ്ട്. ഹോസ്റ്റലിലെ ഭക്ഷണത്തിന് ഒരു ബ്രേക്ക് നല്കി വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ എത്തുന്നവരെയും ഇവിടെ കാണാം. ബാംഗ്ലൂരിലെ ഫൂഡ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ മാറ്റിയെടുത്ത വിവി പുരത്ത് 200 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള റോഡ് ആണുള്ളത്. ഇതിന്‍റെ രണ്ടു വശത്തുമായാണ് കടകൾ പ്രവർത്തിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ കാൽനട മാത്രം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.