ബാംഗ്ലൂരിൽ എത്രയൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നു പറഞ്ഞാലും ആഴ്ചാവസാനങ്ങൾ ചെലവഴിക്കുവാൻ യാത്രകൾ തന്നെയാണ് പലപ്പോഴും നല്ലത്. റൂമിലിരുന്ന് സമയം കളയുന്നതും ഷോപ്പിങ്ങിന് പോകുന്നതും ഒക്കെ നടക്കുമെങ്കിലും ഇടയ്ക്കിടയ്ക്ക് യാത്രകളും കൂടിയേ തീരൂ. അപ്പോഴാണ് അടുത്ത പ്രശ്നം തലപൊക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് എവിടേക്ക് പോകും? ഊട്ടിയും കൊടൈക്കനാലും ഒന്നുമല്ലാതെ അധികമാളുകൾ ഇല്ലാത്ത ശാന്തമായ സ്ഥലങ്ങളാണോ വേണ്ടത്? ബാംഗ്ലൂരിൽ നിന്ന് എളുപ്പത്തിൽ പോകാൻ കഴിയുന്ന ഇടങ്ങൾ ആണ് വയനാട്, പോണ്ടിച്ചേരി, ഊട്ടി, ഗോവ തുടങ്ങിവ. ഇതു കേൾക്കുമ്പോൾ തന്നെ പലർക്കും യാത്ര എന്ന ആഗ്രഹം പോലും പോയ്പ്പോകും. സ്ഥിരം പോയി മടുത്ത ഈ ഇടങ്ങൾക്കു പകരം ഇവിടുത്തെ തന്നെ അധികമാരും പോകാത്ത ചെന്നാൽ വലിയ തിരക്കില്ലാത്ത അഞ്ച് സ്ഥലങ്ങൾ പരിചയപ്പെട്ടാലോ?
1. കൂക്കൽ, കൊടൈക്കനാൽ ; കണ്ടാൽ സ്വിറ്റ്സർലന്‍ഡിനോട് സാമ്യം തോന്നുന്ന സ്ഥലമാണ് കൊടൈക്കനാലിന് സമീപത്തുള്ള കൂക്കല്‍ എന്ന സ്വച്ഛസുന്ദരമായ ഗ്രാമം. കാശ്മീരും ഷിംലയും ഒക്കെ പോലെ മഞ്ഞുപൊതിഞ്ഞ, സ്വിറ്റ്സലർലൻഡിലെ പോലെ അതിമനോഹരമായ ഭൂമിയുള്ള ഒരിടമാണിത്. തേയിലത്തോട്ടങ്ങൾ നിറഞ്ഞ വഴിയിലൂടെ ചെന്നെത്തുന്നത് വേറൊരു ലോകത്താണെന്നു തോന്നിയാൽ പോലും അത്ഭുതപ്പെടാനില്ല. കോടമഞ്ഞു പുതഞ്ഞു കിടക്കുന്ന ഇവിടം തട്ടുതട്ടായുള്ള കൃഷിരീതിക്ക് പ്രസിദ്ധമാണ്. കൊടൈക്കനാലിൽ നിന്നും 40 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന കൂകൽ പക്ഷേ അധികം താമസസൗകര്യങ്ങളോ ഹോട്ടലുകളോ ഒന്നുമുള്ള ഇടമല്ല. യാത്രയിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇവിടുത്തെ കുന്നുകളിലേക്കുള്ള ട്രെക്കിങ് ആണ് കൂകലിൽ ചെയ്യാനുള്ള കാര്യങ്ങളിലൊന്ന്. മാനുകൾ ഉള്‍പ്പെടെയുള്ളവ വെള്ളം കുടിക്കാനെത്തുന്ന ലേക്കും കാണേണ്ടതാണ്.
2. ഓറോവില്ലെ ; പോണ്ടിച്ചേരി ബാംഗ്ലൂരിൽ നിന്നുള്ള യാത്രകളിലെ സ്ഥിരം ഇടമാണ് പോണ്ടിച്ചേരിയെങ്കിലും ഈ യാത്ര ഓറോവില്ലയിലേക്ക് മാത്രമുള്ളതാണ്. ആഗോള ഗ്രാമം എന്നറിയപ്പെടുന്ന ഓറോവില്ലെ യഥാർത്ഥത്തിൽ ഒരു പരീക്ഷണ ടൗൺ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒരേ മനസ്സോടെ വസിക്കുന്ന ഇവിടം ഒരു നഗരം കൂടിയാണെന്ന് പറയാം. വില്ലുപുരം ജില്ലയുടെ ഭാഗമായ ഇവിടം പോണ്ടിച്ചേരിയിൽ നിന്ന് 10 കിലോമീറ്റര് അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലോകപൗരന്മാരായി ആളുകൾ ജീവിക്കുന്ന ഇവിടം 200 ഏക്കർ വിസ്തൃതിയുള്ള ഇടമാണ്. 1968 ഫെബ്രുവരി 28നായിരുന്നു ഓറോവിൽ ഉദ്ഘാടനം ചെയ്തത്. അൻപതിലധികം രാജ്യങ്ങളിൽ നിന്നായുള്ള താമസക്കാർ ഇവിടെയുണ്ട്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായാണു ഇപ്പോൾ ഓറോവില്ല പ്രവർത്തിക്കുന്നത്.
3. ചെമ്പ്ര ; വയനാട് ബാംഗ്ലൂരിൽ നിന്ന് വയനാട് കാണാൻ എത്തുന്നവർ നിരവധിയുണ്ടെങ്കിലും ആ യാത്ര ചെമ്പ്ര വരെ നീട്ടുന്നവർ വളരെ കുറവാണ്. പലപ്പോഴും സമയപരിമിതി തന്നെയാണ് കാരണം. രാവിലെ കയറിയാൽ ഉച്ചകഴിഞ്ഞ് മാത്രം യാത്ര പൂർത്തിയാക്കാൻ കഴിയുന്ന സ്ഥലമാണ് ചെമ്പ്ര. വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ചെമ്പ്രയുടെ മുകളിലെ ഹൃദയ തടാകമാണ് കാണേണ്ട കാഴ്ച.
4 യേർക്കാട് ; ഊട്ടിക്കും കൊടൈക്കനാലിലും പകരം പോകുവാൻ പറ്റിയ ഇടമാണ് തമിഴ്നാട്ടിലെ തന്നെ യേർക്കാട്. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടെ ശരിക്കും ഊട്ടിയേക്കാൾ മനോഹരമായ കാഴ്ചകൾ കാണാം. സേലം ജില്ലയിൽ ഷെവറോയ് കുന്നുകൾക്കു മുകളിൽ സ്ഥിതി ചെയ്യുന്ന യേർക്കാട് തടാകവും കാടുകളും കൂടിച്ചേരുന്ന കാഴ്ചകളാണ് സന്ദർശകർക് നല്കുന്നത്. തടാകം കൂടാതെ കിളിയുർ വെള്ളച്ചാട്ടം, പഗോഡ പോയിന്‍റ്, കരടിയൂർ വ്യൂ പോയന്‍റ്, ഷെവറോയ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റുകാഴ്ചകൾ.