ന്യൂഡൽഹി: ഹിൽസ മത്സ്യത്തിന്റെ കയറ്റുമതിക്ക് ബംഗ്ലാദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഹിൽസ മത്സ്യ വില കുതിച്ചുയർന്നു. ദുർഗാപൂജയ്ക്ക് ഏതാനും ദിവസം മുമ്പാണ് കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്. ജനങ്ങൾക്ക് ഹിൽസ (ബംഗ്ലാദേശ് ഇലിഷ് – മത്തിയോട് സാദൃശ്യമുള്ള ഒരിനം മീൻ) ആവശ്യത്തിന് ലഭ്യമാക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കി. കയറ്റുമതി നിരോധനം ഏർപ്പെടുത്തിയില്ലെങ്കിൽ രാജ്യത്ത് ഹിൽസയുടെ വില ഗണ്യമായി വർധിക്കുമായിരുന്നെന്ന് ബംഗ്ലാദേശ് ഫിഷറീസ് ആന്റ് ലൈവ് സ്റ്റോക്ക് മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഫരീദ അക്തർ പറഞ്ഞു.
ഈ മത്സ്യത്തിന്റെ 70 ശതമാനവും ബംഗ്ലാദേശിലാണ് കാണുന്നത്. ശൈഖ് ഹസീന ബംഗ്ലാദേശ് സർക്കാറിനെ നയിച്ചപ്പോൾ ഹിൽസ മത്സ്യത്തിന്റെ കയറ്റുമതി എളുപ്പമായിരുന്നു. ഇപ്പോൾ ബംഗ്ലാദേശിൽ നിന്ന് വരുന്ന മത്സ്യം മ്യാൻമർ വഴിയാണ് ഇന്ത്യയിലെത്തുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കിലോ ഹിൽസയുടെ വില 1800 രൂപ വരെയുണ്ടായിരുന്നത് ഇപ്പോൾ 2400 രൂപയിലെത്തി നിൽക്കുകയാണ്. ചെലവുകൂടിയതിനാൽ ഉപഭോക്താക്കൾ മത്സ്യത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയിലാണ്.