ബംഗ്ലാദേശ് : ലോകത്തെങ്ങും തുടരുന്ന ലോക്ക് ഡൌണ്‍ പാവങ്ങളെ വലക്കുമ്പോള്‍ കഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും സഹായവുമായി മുന്‍ ബംഗ്ലാദേശി നായകന്‍ മഷ്റഫി മൊര്‍ത്താസ. 300 കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് മഷ്റഫി മാതൃകയാവുന്നത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തങ്ങളുടെ ശമ്പളത്തിന്‍റെ പകുതി കൊവിഡ് ബാധിതര്‍ക്ക് നല്‍കിയിരുന്നു. ശമ്പളത്തിന്‍റെ പകുതി ഏകദേശം 26 ലക്ഷം രൂപ വരും. അതിന് ശേഷമാണ് തന്‍റെ ജന്മസ്ഥലത്തിനടുത്തുള്ള നരാളിയിലെയും ലോഹാഗര ഉപാസിലയിലെയും 300 കുടുംബങ്ങളെയാണ് മൊര്‍ത്താസ ഏറ്റെടുത്തത്.
ലിസ്റ്റുകള്‍ തയാറാക്കി വരികയാണ്. വീടുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. അഞ്ച് കിലോ അരി, എണ്ണ, ധാന്യങ്ങള്‍, പച്ചക്കറികള്‍, ഉപ്പ്, സോപ്പ് തുടങ്ങിയവയുടെ കിറ്റുകളായിരിക്കും അവര്‍ക്ക് വിതരണം ചെയ്യുക.
മറ്റ് രാജ്യങ്ങളിലേത് പോലെ ബംഗ്ലാദേശും കൊവിഡ് 19 രോഗത്തെത്തുടര്‍ന്ന് കഷ്ടപ്പെടുകയാണ്. രാജ്യത്ത് മരണം അഞ്ചായി. രാജ്യം സമ്പൂര്‍ണമായി ലോക്ക് ഡൌണിലാണ്. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് സാധനം എത്തിച്ചുകൊടുക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.