കളിയിക്കാവിള : ബംഗളൂരുവില്‍ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കളിയിക്കാവിളയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശികളായ പുരുഷനും സ്ത്രീക്കുമൊപ്പം കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാട്ടാക്കട പൂവച്ചല്‍ സ്വദേശി ജോസഫ് ജോണ്‍(55), എസ്തര്‍(48) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിക്കൊപ്പം കസ്റ്റഡിയിലായവര്‍ ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും പോലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണ്. ഐസ്ക്രീം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ തട്ടിയെടുത്തതാണെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുകാരന്‍ പോലീസിനു മൊഴി നല്‍കിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ആണ്‍കുട്ടി തന്റെ ആദ്യഭാര്യയിലെ മകനാണെന്നാണ് ജോസഫ് പോലീസിനോടു പറഞ്ഞത്.
ബംഗളൂരു മജീസ്റ്റിക് സ്വദേശി വിജയകുമാര്‍ – കാര്‍ത്തികേശ്വരി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുവന്നത്. ചെവ്വാഴ്ച രാത്രി 11ന് കളിയിക്കാവിള പോലീസ് ഇന്‍സ്പെക്ടര്‍ എഴില്‍ അരസിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡില്‍ റോന്തുചുറ്റുമ്പോഴായിരുന്നു സംഭവം. ഈസമയം ജോസഫ് ജോണും എസ്തറും കുട്ടിയുമായി ഇവിടെ നില്‍ക്കുകയായിരുന്നു. ജോസഫ് ജോണിന്റെ രണ്ടാം വിവാഹത്തിലുള്ള എട്ടുവയസുകാരനും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ പെണ്‍കുട്ടി നിര്‍ത്താതെ കരയുന്നത് ശ്രദ്ധയില്‍പ്പെട്ട എഴില്‍ അരസി അടുത്തു ചെന്നപ്പോള്‍ ജോസഫും എസ്തറും കുട്ടികളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം തക്കല ഡി.എസ്.പി രാമചന്ദ്രന് വിവരം കൈമാറി. തുടര്‍ന്ന് ഡി.എസ്.പി സ്ഥലത്തെത്തി ചോദ്യം ചെയ്‌തപ്പോഴാണ് കുട്ടിയെ ബംഗളൂരു മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് തട്ടിക്കൊണ്ട് വന്നതെന്ന് മനസിലായത്.
തുടര്‍ന്ന് കന്യാകുമാരി എസ്.പി ബദ്രിനാരായണന്‍ ബംഗളൂരു പോലീസിന് വിവരം കൈമാറി. 18ന് ബംഗളൂരുവില്‍ നിന്ന് കുട്ടിയെ കാണാതായെന്നും ഇതുസംബന്ധിച്ച് അമ്മ ഉപ്പര്‍പേട്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. കുട്ടികളെ നാഗര്‍കോവില്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എസ്തര്‍ മൂന്നാമത്തെ ഭാര്യയാണെന്ന് ജോസഫ് ജോണ്‍ മൊഴിനല്‍കി. ഏഴ് വര്‍ഷം മുമ്പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. പ്രതികളെയും കുട്ടികളെയും ഇന്ന് ബംഗളൂരു പോലീസിന് കൈമാറും.