പത്തനംതിട്ട : ഭൂപണയ വായ്പയ്ക്ക് ബാങ്ക് ആവശ്യപ്പെട്ട ഫീസും രേഖകളും നല്‍കിയിട്ടും വായ്പ നിഷേധിച്ച ബാങ്ക് ഓഫ് ഇന്ത്യയും ബാങ്കിന്റെ അടൂര്‍ ബ്രാഞ്ച് മാനേജരായിരുന്ന ബോബിന്‍ സി. ഡാനിയേലും പരാതിക്കാര്‍ക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും ബാങ്ക് ഈടാക്കിയ പ്രോസസിംഗ് ഫീസും കൂടാതെ അയ്യായിരം രൂപ കോടതി ചെലവും നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗങ്ങളായ ഷാജിതാ ബീവി, നിഷാന്ത് തങ്കപ്പന്‍ എന്നിവരാണ് വിധി പ്രസ്താവിച്ചത്.
വായ്പ അനുവദിക്കുന്നതില്‍ ബാങ്ക് മനപ്പൂര്‍വമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ കമ്മീഷന്‍, പരാതിക്കാരായ അടൂര്‍ മണക്കാല മുഴങ്ങോടിയില്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍, ഭാര്യ അനിതകുമാരി എന്നിവര്‍ക്ക് നഷ്ടപരിഹാരത്തുക വിധി തീയതി മുതല്‍ ഒരുമാസത്തിനുള്ളില്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. അനില്‍ പി. നായര്‍ ഹാജരായി.