കൊല്ലം: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ മറവില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതായി ജില്ലാ ശുചിത്വ മിഷന്‍. 2020 ജനുവരി ഒന്നു മുതലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നത്. ശുചിത്വ മിഷന്‍, കുടുംബശ്രീ യൂണിറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിന് ബദല്‍ ഉത്പന്നങ്ങളും തുണി സഞ്ചികളും പേപ്പര്‍ ക്യാരി ബാഗുകളും നിര്‍മിച്ചു നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളും ഭക്ഷണ പൊതികളും നിരോധിത പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നതായി ശുചിത്വമിഷന്റെ ശ്രദ്ധയില്‍പ്പെട്ടു. പലചരക്ക് കടകള്‍, ബേക്കറികള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവരാണ് സര്‍ക്കാരിന്റെ നയങ്ങളെ കാറ്റില്‍ പറത്തി പൂഴ്ത്തി വെച്ചിരുന്ന പ്ലാസ്റ്റിക് കവറുകളില്‍ സാധനങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഹരിതചട്ടം പാലിച്ചു തുണിസഞ്ചികളിലാണ് സാധനങ്ങള്‍ നല്‍കുന്നത്.
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതും ബദല്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കിയതും. കോവിഡ് 19 പോലൊരു മഹാരോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അനിയന്ത്രിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍ പറഞ്ഞു.