തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നു. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു വരെയാകും പുതുക്കിയ സമയം. ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് ബാധകമായിരിക്കും.
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ ഔട്ട് ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. കോടതി നിരീക്ഷണം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിരുന്നു.
ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി. ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ.ഇന്നലെ മുതല്‍ ഈ നിബന്ധന നടപ്പിലായി തുടങ്ങി. എല്ലാ ഔട്ട് ലെറ്റുകള്‍ക്കും മുന്നിലും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് നോട്ടീസ് പതിക്കാനും ബിവറേജ് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ കൂടുതല്‍ പോലീസ് സാന്നിധ്യവും ഉണ്ടാകും.