തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ തങ്ങളെ അവഗണിക്കുകയും കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ബാറുടമകളും പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന നിലപാടില്‍ കണ്‍സ്യൂമര്‍ ഫെഡും. പ്രശ്നപരിഹാരത്തിന് നാളെ സെക്രട്ടറിതല ചര്‍ച്ച നടക്കും.
അതുവരെ ബാറുകള്‍ അടച്ചിടാനുള്ള തീരുമാനത്തിലാണ് ഉടമകള്‍. സ്റ്റോക്ക് തീര്‍ന്നാല്‍ പുതിയത് എടുക്കേണ്ടെന്ന നിലപാടിലേക്ക് കണ്‍സ്യൂമര്‍ഫെഡും നീങ്ങുകയാണ്. ബിവറേജസ് കോര്പ്പറേഷന് (ബെവ്കോ) ലാഭമുണ്ടാക്കാനുള്ള നടപടികളാണ് അണിയറയില്‍ പുരോഗമിക്കുന്നതെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. ബെവ്കോ അവരുടെ മാര്‍ജിന്‍ സ്വന്തം ഔട്ട്ലെറ്റുകള്‍ക്ക് എട്ടും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് 20 ഉം ബാറുകള്‍ക്ക് 25 ശതമാനവുമായാണ് ഉയര്‍ത്തിയത്. ഇതോടെ ബാറുകള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിനും ലാഭം കിട്ടില്ലെന്നാണ് പരാതി.
ബാറുകളില്‍ ഇരുത്തി മദ്യം വില്‍ക്കാനും സര്‍ക്കാര്‍ വിലയെക്കാള്‍ കൂടുതല്‍ ഈടാക്കാനും അനുവദിക്കണമെന്നുമുള്ള ആവശ്യം ബാറുടമകള്‍ മുന്നോട്ടുവെച്ചിരുന്നു. അത് അംഗീകരിച്ചില്ല. ബെവ്കോ നിശ്ചയിച്ച തുകക്ക് പാര്‍സലായി മാത്രമേ മദ്യം നല്‍കാവൂയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. പുറമെ ലാഭവിഹിതം കുറക്കുകയും ചെയ്തു. ചര്‍ച്ചയില്‍ ബാറുടമകള്‍, കണ്‍സ്യൂമര്‍ഫെഡ്, ബെവ്കോ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിവരം.